പ്രജ്ഞ

പ്രജ്ഞ

Wednesday, December 21, 2016

ഒരു സ്വീകരണത്തിന്റെ ഓർമ്മക്ക്

  കൃത്യം അഞ്ച്‌ മണിക്കാണു യോഗം തുടങ്ങുന്നത്‌ എന്നു സെക്രട്ടറി പ്രത്യേകം വിളിച്ച്‌ ഓർമ്മിപ്പിച്ചതുകൊണ്ട്‌ നാലേ പതിനഞ്ചിനു തന്നെ ടാക്സിയിൽ കയറിയിരുന്നതാണു. ഹൈവേയിലെ ട്രാഫിക്കും പിന്നെ ഇടക്ക്‌ വഴിയിൽ കണ്ടുമുട്ടിയ ഒന്നു രണ്ട്‌ ജാഥകളും എന്നാലും യാത്രയെ വൈകിപ്പിച്ചു. ചൂടും പുഴുക്കവും പിന്നെ പഴയ ടാക്സിയിലെ ദ്രവിച്ച ലോ ക്വാളിറ്റി ലെതറിന്റെ ഗന്ധവും ശ്വാസം മുട്ടിച്ചപ്പോൾ ഇടക്ക്‌ ശുദ്ധവായു കിട്ടാനായി വാതിലിന്റെ ചില്ലുകൾ തുറന്നിട്ടു. തണുത്ത കാറ്റുള്ളിലേക്ക്‌ വീശി കയറിയപ്പോൾ ആശ്വാസം തോന്നി കണ്ണുകളടച്ചു.

"സാർ..", ഡ്രൈവർ വിളിക്കുന്നു.

ഞാൻ കണ്ണുകൾ തിരുമ്മി തുറന്നു. 

ഹാൾ എത്തിയിരിക്കുന്നു. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ ചുവന്ന പരവതാനി നീണ്ട്‌ നിവർന്ന് ഹാളിന്റെ അറ്റത്തോളം മുട്ടി കിടക്കുന്നു. 
ചുവന്ന പരവതാനിയിലെ സ്വീകരണം എന്നൊക്കെ കേട്ടിട്ടേയുള്ളു. ആദ്യമായാണു എനിക്ക്‌ വേണ്ടി ആരെങ്കിലും ഇത്‌ വിരിക്കുന്നത്‌. നെറ്റിയിലേക്ക്‌ വീണ ചുരുണ്ട മുടിച്ചുരുളുകൾ മുകളിലേക്ക്‌ കോതി വെച്ച്‌ ഞാൻ പരിസരം വീക്ഷിച്ചു. 
പുറത്ത്‌ ആളുകൾ നന്നേ കുറവ്‌. എത്തിയത്‌ അൽപം നേരത്തെയായോ എന്ന ശങ്കയിൽ നിൽക്കുമ്പോൾ സെക്രട്ടറി പത്നീസമേതനായി ഓടി വരുന്നു.

"നല്ല പണിയാ സാർ കാണിച്ചത്‌! അഞ്ച്‌ മണിയെന്നു പറഞ്ഞിട്ട്‌ ഇപ്പൊ അഞ്ചേ കാലായി.. വന്നാട്ടെ.. ചായ ആവാം ആദ്യം", 
സെക്രട്ടറി മുന്നിലും പത്നി പിന്നിലുമായി നടന്നു. അവരുടെ തൊട്ടു പിന്നാലേ ഞാനും. 

ഹാൾ വിജനമായിരുന്നു! ആരുമില്ലാത്ത ഹാളിൽ വൈകിയെത്തിയ  ഞാനോ കുറ്റക്കാരനെന്നോർത്ത്‌ ഒരു നിമിഷം ചിരിയാണു വന്നത്‌. പിന്നെ എനിക്കുള്ള സ്വീകരണത്തിൽ ആളുകൾ വന്നില്ലെങ്കിൽ അതിന്റെ കുറച്ചിൽ എനിക്ക്‌ തന്നെയെന്നൊരു ബോധം വന്നപ്പോൾ മുഖം ഞാനറിയാതെ തന്നെ മ്ലാനമായി. 
സദസ്സിന്റെ ആദ്യവരികളിൽ കുറച്ച്‌ പേർ കൂടിയിരിക്കുന്നുണ്ട്‌. ഞാൻ സെക്രട്ടറിയുടെ കൂടെ ഒരു കൊച്ചു മുറിയിലേക്ക്‌ കയറി. 
ജിജ്ഞാസ അടക്കാനാവാത്തതു കൊണ്ടാവണം ചായ കൊണ്ട്‌ തന്ന പയ്യനോട്‌ പതിയെ ചോദിച്ചു, 
"ആളുകൾ എത്തീട്ടില്ലേ? സമയം എപ്പഴാ പറഞ്ഞേക്കുന്നേ?"

"അത്‌ സാർ, തൊട്ടടുത്ത്‌ ഒരു ജുവലറി ഉദ്ഘാടനം ഉണ്ട്‌. അവിടെ ഒരു സിനിമാതാരംവരുന്നുണ്ട്‌. ആളുകൾ ഒരു പക്ഷേ അവിടെയായിരിക്കാം..", ചായക്കപ്പുകൾ നിരത്തി വെക്കവേ അവൻ മറുപടി പറഞ്ഞു.

"സാരമില്ല, പേടിക്കണ്ട, പൊന്നാടയണിയിക്കാൻ പുള്ളിക്കാരൻ തന്നെ ഇങ്ങോട്ടും വരാം എന്നേറ്റിറ്റുണ്ട്‌. അപ്പൊ കൂടെ ഉള്ളവരൊക്കേം ഇങ്ങോട്ടും വന്നോളും.. ആളൊഴിഞ്ഞ സദസ്സിൽ വെച്ച്‌ നിങ്ങൾക്ക്‌ വേണ്ടിയൊരു 
പരിപാടിയൊരുക്കുന്നത്‌ ഞങ്ങൾക്കൊരു കുറച്ചിലല്ലേ!", ചുണ്ടിലെ ഇളകിയ നിറത്തിനു ഒന്നൂടെ കടുപ്പം നൽകിക്കൊണ്ട്‌ അത്‌ പറഞ്ഞത്‌ സെക്രട്ടറീപത്നിയാണു.

ഞാൻ ചായ കുടിച്ചു. എനിക്ക്‌ ഷുഗർ ഉണ്ടായേക്കുമെന്നു കശ്മലന്മാർ ഊഹിച്ചിരിക്കണം. മധുരം അശേഷമില്ല. അടിയിൽ ചായപ്പൊടി പറ്റിപ്പിടിച്ച ഗ്ലാസ്‌ മേശയിൽ തിരികേ വെച്ച്‌ ഞാൻ കസേരയിലേക്ക്‌ ചാരി. 
പുറത്ത്‌ ബഹളം കേൾക്കുന്നു. 

"അദ്ദേഹം വന്നെന്നു തോന്നുന്നു!", 
സെക്രട്ടറീദമ്പതികൾ ഒന്നിച്ച്‌ പുറത്തേക്കോടി. ഒപ്പം സദസ്സിൽ ആകെ ഉണ്ടായിരുന്നവരിൽ പകുതി പേരും. ഊന്നുവടി കുത്തി വന്ന ഒരു വൃദ്ധൻ കൈകൾ ചുമരിലേക്ക്‌ ചാരി കൊള്ളാവുന്ന കാൽ കസേരമേൽ കയറ്റി ഏന്തി വലിഞ്ഞ്‌ പുറത്തേക്ക്‌ നോക്കുന്നു. 

ഞാൻ മുറി വിട്ട്‌ പുറത്തിറങ്ങി. 
പുറത്ത്‌ ചെണ്ടമേളം, താലം പിടിച്ച സ്ത്രീകൾ, പുഷ്പവൃഷ്ടി... 
ഇതിന്റെ നടുക്ക്‌ കൂടെ സുന്ദരകോമളനായ സിനിമാനടൻ ചുവന്ന പരവതാനിയിൽ ചവിട്ടി ഹാളിലേക്ക്‌ കയറുന്നു. 
ഞാൻ തിരികേ വന്നു കസേരയിലിരുന്നു.


"ക്ഷമിക്കണം! അദ്ദേഹത്തെ കൊണ്ടുവരാൻ പോയതു കൊണ്ട്‌ നിങ്ങളെ സ്വീകരിക്കാൻ നിൽക്കാൻ പറ്റിയില്ല.. എത്തി എന്നു സെക്രട്ടറി വിളിച്ച്‌ പറഞ്ഞപ്പോൾ ചായക്കു ചട്ടം കെട്ടിയത്‌ ഞാനാണു.. യാത്ര സുഖം തന്നെ ആയിരുന്നില്ലേ..?", യോഗം പ്രസിഡന്റ്‌ മുറിയിലേക്ക്‌ കയറി വരുന്നു. 
ഞാൻ അതെ എന്ന ഭാവത്തിൽ തല കുലുക്കി ഒന്നു ചിരിച്ചെന്നു വരുത്തി. 

"ഈ നിറപറേം താലോം ഒന്നും ബഡ്ജറ്റിൽ ഇല്ലാത്ത കാര്യങ്ങളാ.. എന്നു വെച്ച്‌ ആൾ ഇതൊന്നും ഇല്ലെങ്കി വരില്ലാ ന്നു വെച്ചാ എന്താ ചെയ്യാ ലേ!ഓരോരുത്തരുടേം തലക്കനം!"

ഞാൻ അതിനും തല കുലുക്കി കൊടുത്തു. പ്രസിഡന്റ്‌ വന്നു അടുത്തിരുന്നു. "വിഷമം ഒന്നും ഇല്ലാലോ? ഒക്കെ ശരിയാക്കാം..മൈക്ക്‌ കയ്യിൽ കിട്ടട്ടേ.. നിങ്ങളെ ഞാൻ ഇന്നത്തെ താരമാക്കും.."

ശല്യം സഹിക്കാതായിരിക്കുന്നു. എണീറ്റ്‌ പോയി നിങ്ങളുടെ താരത്തിന്റെ കാര്യം നോക്കിക്കൂടെ എന്നു പറയാൻ ഭാവിക്കുമ്പോളേക്കും അയാൾ എണീറ്റു. ആശ്വാസത്തിൽ ഞാനൊന്നു കൂടെ നിറഞ്ഞ്‌ പുഞ്ചിരിച്ചു.

"അതേ.. ചായ കുടിച്ചു ലേ.. ചോദിക്കാൻ മറന്നു, വേറേ എന്തെങ്കിലും വേണമായിരുന്നൊ?", വാതിൽക്കൽ വെച്ച്‌ അയാൾ വീണ്ടും ചോദിക്കുന്നു.

"ഇല്ല, വേണ്ട..  നന്ദി".

"നമ്മൾ ഇത്രയും സംസാരിച്ചത്‌ കൊണ്ട്‌ ചോദിക്കുകയാണു. പ്രസംഗം എഴുതാൻ പോവുന്നേയുള്ളൂ.. നിങ്ങളുടെ പുസ്തകത്തിന്റെ പേരെന്തായിരുന്നു?"

ഞാൻ മിണ്ടാതെ അത്‌ കേട്ടില്ല എന്നു നടിച്ചു. ശ്വാസം മുട്ടുന്ന പോലെ. ഒരുതരം പിടച്ചിൽ. പുറത്തേക്ക്‌ രക്ഷപ്പെടാൻ ആത്മാവ്‌കൊതിക്കുന്ന പോലെ. അയാൾ നടന്നകന്നു. ഞാൻ കസേരയുടെ പുറകിലേക്ക്‌ ചാരി. മുകളിൽ പൊളിഞ്ഞിളകി തുടങ്ങിയ ചുമർ. മെല്ലെ തൂങ്ങിയാടുന്ന ഫാൻ. കിരുകിരാ ശബ്ദം. ഹാളിൽ ആളുകൾ നിറഞ്ഞതിന്റെ ബഹളം കേൾക്കാം. 

മുറിയിലേക്ക്‌ നേരത്തേ ചായ കൊണ്ട്‌ വന്ന ചെറുക്കൻ കടന്ന് വരുന്നു.
"കുറച്ച്‌ സമയം കൂടി കഴിഞ്ഞാൽ പരിപാടി തുടങ്ങാം എന്നു സെക്രട്ടറി പറഞ്ഞു, സാർ.. ഒരു അര മണിക്കൂർ..", അവൻ പറഞ്ഞു.

"അര മണിക്കൂറൊ? കൃത്യം അഞ്ച്‌ എന്നാണല്ലോ അയാൾ ആദ്യം പറഞ്ഞിരുന്നത്‌?", ഞാൻ അക്ഷമനാവുകയായിരുന്നു. 

"അത്‌, സാറിനു കുറച്ച്‌ നേരം വിശ്രമിക്കണം എന്നു പറഞ്ഞു.. അതാ.."

"ആരു? ഞാനോ?"

"അല്ല.. മുകളിലെ സാർ.. സിനിമാതാരത്തെ മുകളിലെ മുറിയിൽ കൊണ്ട്‌ ഇരുത്തിയിരിക്കയാണു.."

ഓഹ്‌. അവന്റെ സൗകര്യത്തിനാണു എന്റെ സ്വീകരണം നടത്തുന്നത്‌! 
കൊള്ളാം.
മൊബൈൽ ചിലക്കുന്നു. 
കാമുകിയുടെ സുന്ദരവദനം സ്ക്രിനിൽ തെളിയുന്നു. 

"ഹലൊ"

"തുടങ്ങിയോ പരിപാടി?"

"ഇല്ല ദേവീ.. ഇവിടെ ഞാൻ സംഘാടകരുടെ കാരുണ്യത്തിൽ ഒരു അരച്ചായ കുടിച്ച്‌ വിശ്രമിക്കയാണു.. പ്രസംഗവും തയ്യാറാക്കാമല്ലോ.."

"ഉം.. അതേ.. നിങ്ങളെ പൊന്നാടയണിയിക്കുന്നത്‌ ആരാ?"

"പേരോർമ്മയില്ല.. നീ കഴിഞ്ഞ ആഴ്ച പോയി കണ്ട സിനിമയിലെ.."

"ഉവ്വ്‌ അറിഞ്ഞിട്ടന്ന്യാ വിളിച്ചേ", അവളുടെ കള്ളച്ചിരി കേട്ടു. "നിങ്ങൾ വരുമ്പോൾ പറ്റുവാണെങ്കിൽ അദ്ദേഹത്തെ വീട്ടിലേക്ക്‌ ക്ഷണിക്കണം. പിന്നെ നിങ്ങളുടെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഒരു ഓട്ടോഗ്രാഫ്‌ കൂടെ വാങ്ങി കൊണ്ട്‌ വരണം.."

ഞാൻ കോൾ കട്ട്‌ ചെയ്തു.

പുറത്ത്‌ ബഹളം ഏറുന്നു. ഞാൻ സ്റ്റേജിന്റെ അറ്റത്തേക്ക്‌ എത്തി നോക്കി. 
വലിയ ഫ്ലക്സ്‌ വെച്ചിരിക്കുന്നു. എന്റെ മുഖവും പുസ്തകത്തിന്റെ ചട്ടയും ഫ്ലക്സിന്റെ മൂലയിൽ ഉണ്ട്‌. ഫ്ലക്സിന്റെ വലതു വശം മുഴുവനും താരത്തിന്റെ മുഖത്തിനായി നീക്കി വെച്ചിരിക്കുന്നു. എനിക്ക്‌ ചിരി വന്നു. ഞാൻ വീണ്ടും കസേരയിൽ വന്നിരുന്നു.

"സാർ", ചായ കൊണ്ട്‌ വന്ന ചെറുക്കൻ വീണ്ടും.

"ഞാൻ പുസ്തകം വായിച്ചു. ഇറങ്ങിയ ആഴ്ച്ച തന്നെ. സത്യത്തിൽ സാറിന്റെ ചെറുകഥകൾ ആഴ്ച്ചപ്പതിപ്പിൽ വന്നപ്പോൾ മുതലേ ഞാൻ വല്യ ആരാധകനാ.."

"നീ ഇവിടെ വന്നിരിക്ക്‌", ഞാൻ അവനു കസേര നീക്കിയിട്ടു.

പിന്നെ അവിടുന്നു ഒരു അരമണിക്കൂറൊളം അവൻ നിർത്താതെ സംസാരിച്ചു. അവന്റെ വാക്കുകൾ കൃത്യവും, സ്ഫുടവും, ശുദ്ധവുമായിരുന്നു. എം.ടിയും ഓ.എൻ.വീയും വിജയൻ മാഷും ആനന്ദും പിന്നെ ടോൾസ്റ്റോയിയും ഷെല്ലിയും വരെ അവന്റെ ചുണ്ടുകളിൽ നിന്നു വന്നു കൊണ്ടിരുന്നു. ഞാൻ നിശബ്ദനായി കേട്ടിരുന്നു. ഇരുണ്ട നരച്ച ആ മുറി പെട്ടെന്നു എന്റെ വീടു പോലെ മനോഹരവും അന്തരീക്ഷം ഗൃഹാതുരവുമാവുന്നതായി തോന്നി. വരളുന്ന മരുഭൂമിയിലേക്ക്‌ രാത്രിമഴ പെയ്തിറങ്ങിയ പോലെ. പ്രഭാതത്തിൽ കിളിക്കൊഞ്ചൽ കേട്ടുണരുന്ന പോലെ. പഴയ വിദ്യാലയത്തിന്റെ പടിക്കെട്ടുകൾ കയറുന്ന പോലെ. ഒരാത്മബന്ധം.

"സാർ.."

"പറയൂ.."

അതെ. ഇനിയും പറയൂ. നിന്റെ വാക്കുകൾ ഈ ജീർണ്ണിച്ച അന്തരീക്ഷത്തിൽ സുഗന്ധമായി 
പടരട്ടെ, സോദര!

"ഈ പുസ്തകത്തിൽ ഒരു ഒപ്പിട്ടു തരുമോ?"

ഞാൻ അത്‌ വാങ്ങി. എന്റെ പുസ്തകം തന്നെ. ആദ്യമായി അതിന്റെ പുറംചട്ടയ്ക്ക്‌ ഭംഗി കൂടിയ പോലെ തോന്നുന്നു. ഞാൻ പുസ്തകം തുറന്നു. എന്റെ പേരെഴുതിയ പേജിന്റെ നടുക്ക്‌ എഴുതി,

"സർഗ്ഗാത്മകതയുടെ ദീപശിഖ അണയാതെ കാക്കുക.."

അവൻ പുഞ്ചിരിച്ചു.

"നിന്റെ പേരെന്താ..?"

"മനു"

"എന്ത്‌ ചെയ്യുന്നു?"

"ബി.എ മലയാളം കഴിഞ്ഞു. എം. എ ചെയ്യാനുള്ള ഫീസ്‌ ഉണ്ടാക്കാനാ ഈ പണി.."

"ഉം.."

"സാർ.. എന്റെ വീട്‌ സാറിന്റെ വീടിന്റെ അടുത്താണു.. ഇടത്തോട്ട്‌ തിരിയുന്ന വഴിയുടെ എതിരേ പോവുന്ന മൺവഴി എന്റെ വീട്ടിലേക്കാ.. പറ്റുവെങ്കിൽ വീട്ടിലേക്ക്‌ വരണം.. അവിടെ എല്ലാർക്കും സാറിന്റെ എഴുത്ത്‌ വല്യ ഇഷ്ടാ.. ചേച്ചി കുറച്ചൊക്കെ എഴുതും. സാറിനെ കണ്ടാൽ വല്യ സന്തോഷാവും.."

ഞാൻ പുഞ്ചിരിച്ചു. "തീർച്ചയായും വരും...."

പുറത്ത്‌ മൈക്കുകൾ ഒച്ച വെക്കുന്നു. താരം താഴെ ഇറങ്ങിയതിന്റെ ആരവം കേൾക്കാം. ഞാൻ ഹാളിന്റെ ഒരരികിലൂടെ പുറത്തേക്ക്‌ നടന്നു. 
എതിരേ പ്രസിഡന്റ്‌ വരുന്നു.

"മറന്നു.. നിങ്ങളുടെ പുസ്തകത്തിന്റെ പേരു..?"

"അഷ്ടാംഗഹൃദയം", ഞാൻ മറുപടി കൊടുത്തു.

"ഉവ്വോ! ഇക്കാലത്തൊക്കെ ഇത്തരം പേരൊക്കെ ആരെങ്കിലും പുസ്തകത്തിനു ഇടുമോ?"

ഞാൻ മിണ്ടിയില്ല. 
"ആട്ടെ. എങ്ങോട്ട്‌ പോകുന്നു? താരം എത്തിക്കഴിഞ്ഞു. നിങ്ങളെ ഇപ്പൊ ക്ഷണിക്കും", അയാൾ പറഞ്ഞു.

"ഞാനിതാ വരുന്നു. ഒരു നിമിഷം", ഒരു നിമിഷം നിർത്തി ഞാൻ തുടർന്നു.
"പിന്നെ.. എനിക്കുള്ള ക്ഷണം കിട്ടിക്കഴിഞ്ഞു".

ആരും ശ്രദ്ധിക്കാതെ ഹാളിന്റെ പുറത്ത്‌ ഇറങ്ങിയപ്പോൾ ക്രൂരമായ ഒരു ആനന്ദമായിരുന്നു മനസ്സിൽ. ഇപ്പോൾ പ്രസിഡന്റ്‌ "അഷ്ടാംഗഹൃദയ"ത്തിന്റെ എഴുത്തുകാരനെ ക്ഷണിക്കും. അണിയാൻ ആളില്ലാത്ത പൊന്നാടയുമായി താരം ഇളിഭ്യനാവും.

ഞാൻ ടാക്സിയിൽ കയറി.

"വീട്ടിലേക്ക്‌ പോവും വഴി ഇടത്തോട്ടുള്ള വളവിനു എതിരെ ഒരു മൺ വഴിയുണ്ട്‌..."

കാർ മുന്നോട്ടു നീങ്ങി...