ആഷ്ടൺ ടവറിലെ വലിയ ഘടികാരം 12 തവണ മുഴങ്ങിയാലാണു വെടിക്കോപ്പുകൾക്ക് തിരി കൊളുത്തേണ്ടത് എന്നവനറിയാമായിരുന്നു. നമ്പർപ്പ്ലേറ്റിളക്കിക്കളഞ്ഞ വലിയ കറുത്ത വാനിൽ നിന്നിറങ്ങും മുൻപേ റിച്ചാഡ് അവനെ അത് പറഞ്ഞ് പഠിപ്പിച്ചതുമാണു. എങ്കിലും കയ്യിൽ കെട്ടിയ തുകൽസ്റ്റ്രാപ്പുള്ള വാച്ചിൽ സമയം 11.55 ആയപ്പോൾ അവനു ശങ്ക തുടങ്ങി. 12 മണികൾ മുഴങ്ങിക്കഴിഞ്ഞിട്ടാണോ തിരി കൊളുത്തേണ്ടത്, അതോ മണികൾ മുഴങ്ങി തുടങ്ങുമ്പൊഴോ?
ആ രാത്രിയിലാദ്യമായി അവന്റെ ജീർണിച്ച വാച്ചിലെ സെക്കന്റ് സൂചിക്കു വേഗത കൂടിയ പോലെ അവനു തോന്നി. തിരി കത്തിക്കാനായി കൈവെള്ളയിൽ കൂട്ടിപ്പിടിച്ചിരുന്ന തീക്കൊള്ളികൾ വിയർപ്പിൽ നനയുന്നു. കാലമർത്തി വെച്ചിരിക്കുന്ന പലകക്ക് കീഴെ മഞ്ഞുരുകുന്നുണ്ട്. ആരോടെങ്കിലും ചോദിക്കണം. നാണക്കേടാണു, എങ്കിലും ചോദിച്ച് സംശയം തീർത്തില്ലെങ്കിൽ കുഴപ്പമാവും. ഫ്രെഡും തോമസും മ്യൂസിയത്തിന്റെ ഉള്ളിൽ പെട്ടുപോവും. റിച്ചാഡിനു കലി കയറിയാൽ കൊന്നു കളയാനും മടിക്കില്ല. അയാളുടെ കയ്യിലെ ഇരട്ടക്കുഴൽ തോക്കിൽ ഉണ്ട ഇടാൻ ഓൾഗ ബാരൽ തുടച്ച് മിനുക്കി കൊടുക്കുന്നത് ഇന്നലെ കൂടി കണ്ടതാണു.
ഓൾഗയെക്കുറിച്ചാലോചിച്ചപ്പോൾ ഒരു സമാധാനം തോന്നുന്നു.
അവളിപ്പോൾ എവിടെയാവും? കിഴവൻ ആദമിന്റെ മുറിയിൽ? അതോ ചൂതുകളിക്കാരൻ എഡ്ഡിന്റെ കിടക്കയിലോ? ഈ രാത്രി ആരാണവളെ സ്വന്തമാക്കിയതാവോ. കഴിഞ്ഞ ആഴ്ച്ച സ്വരുക്കൂട്ടി വെച്ച 50 പൗണ്ട് വില്ലിയമ്മായിക്കു കൊടുത്ത് ഓൾഗയെ മുറിയിലേക്ക് വിളിച്ചപ്പോൾ കടന്നുവന്നത് കൂടുതൽ നോട്ടുകളെറിയുന്നവന്റെ മുന്നിൽ കമിഴ്‌ന്ന് വീഴുന്ന നക്ഷത്രവേശ്യയല്ല, മറിച്ച് സുസ്മേരവദനയായ, കാതരമായ കണ്ണുകളുള്ള ഒരു നല്ല കാമുകിയാണു. അവൾ ഒരൽപം നാണത്തോടെ വന്നടുത്ത് കിടന്ന് ചെവിയിൽ കിന്നാരം പറയുകയാണുണ്ടായത്.
"ഇന്നു ഞാൻ 250 പൗണ്ട് സമ്പാദിച്ചു, അലൻ. നമുക്കുള്ള കട്ടിലും വിരിപ്പുകളും വാങ്ങാനും 2 മാസത്തെ മുറി വാടകക്കും ഉള്ളതായി എന്റെ കൂട്ടിവെപ്പ്. നിനക്കോ?"
അന്ന് അലൻ മിണ്ടിയില്ല. ഉച്ചക്ക് ഉണ്ണാതെ, ഓവർസ്സിയർ ബ്രാഡ് എറിഞ്ഞുകൊടുത്ത ജാമോ നെയ്യോ തേക്കാത്ത റൊട്ടി തിന്ന്, നാൽപതിലധികം ചാക്കു സിമന്റും കല്ലും ചുമന്നും ഉണ്ടാക്കിയ അൻപത്തിയഞ്ച് പൗണ്ടിൽ അഞ്ച് പൗണ്ട് നാണയങ്ങൾ പോക്കറ്റിൽ കിടന്നത് അയാൾ ചേർത്ത് പിടിച്ചു.
"എത്രയും വേഗം ഒരു നല്ല വാഗണും പിന്നെ ഗ്രാമത്തിൽ ഒരു സത്രവും കണ്ടുപിടിക്കണം അലൻ. എനിക്കിവിടെ മടുത്തു. ഈ കൂറയും എലിക്കാഷ്ടവും മണക്കുന്ന ബ്രെഡും പിന്നെ എത്ര ഉരച്ചാലും വെളുക്കാത്ത നാറുന്ന വസ്ത്രങ്ങളും. നിനക്കും വേണ്ടേ ഒരു ജീവിതം? എത്ര നാൾ ഞാൻ എന്നെ വിറ്റ് നിന്റെ മുന്നിൽ-?"
അങ്ങനെയാണു അലൻ റിച്ചാഡിനു മുന്നിൽ എത്തിയത്. 500 പൗണ്ടിനു വേണ്ടി. ഭാഗ്യമെന്നു പറയട്ടെ, റിച്ചാഡ് അന്ന് ശിങ്കിടികളുമൊത്ത് ഒരു കൊള്ളക്ക് കോപ്പുകൂട്ടുകയായിരുന്നു. റിച്ചാഡും പത്ത് ശിങ്കിടികളും. കൂട്ടത്തിൽ പന്ത്രണ്ടാമനാവാൻ അവനെ അവർ അനുവദിച്ചു. 450 പൗണ്ട് വാഗ്ദാനം ചെയ്തു. റിച്ചാഡ് വില്ലിയമ്മായിക്കു ആളയച്ച് ഓൾഗയെ വരുത്തിച്ചു. അയാളുടെ വിശാലമായ തോക്കുശേഖരണം കാണാൻ കിടപ്പ് മുറിയിലേക്ക് പോകുന്നതിനു മുന്നെ ഓൾഗ അലനു നേരെ കണ്ണയച്ചു.
എല്ലാം ശരിയാവും. അവർ പരസ്പരം മനസ്സാലെ പറഞ്ഞു.
11.57 ആവുന്നു. തലയിൽ കെട്ടിവെച്ച പാതി കീറിയ തുകൽത്തൊപ്പിക്കുള്ളിലൂടെ നിലാവും മഞ്ഞും ഒന്നിച്ചിറങ്ങി. തലയോട്ടിയും തൊലിയും മരവിക്കുന്ന പോലെ. അലൻ എന്നിട്ടും വിയർത്തു. ഇനി മൂന്ന് മിനിട്ടുകൾ.
തോമസ് ഇപ്പോൾ കിരീടമിരിക്കുന്ന മുറിയിൽ കയറിയിരിക്കും. സമയമാവുമ്പോൾ അയാൾ അതെടുത്ത് ഓടിളക്കിയിരിക്കുന്ന ഫ്രെഡിനു എറിഞ്ഞു കൊടുക്കും. അപ്പോഴാണു വെടിക്കെട്ട് കൊളുത്തേണ്ടത്. കാവൽക്കാരുടെ ക്വാർട്ടേഴ്സും കാവൽപ്പുരയും കത്തണം. എല്ലാം പുകയിൽ മുങ്ങുമ്പോൾ വില്ല്യമും ഷാക്കും മ്യൂസിയത്തിന്റെ വാതിലുകൾ വെടി വെച്ച് തകർക്കും. ഹാർവ്വി കറുത്ത വാൻ ഗേറ്റിലേക്ക് ഓടിച്ച് കയറ്റും. ഫ്രെഡ് മുകളിൽ നിന്നും തോമസ് ഉള്ളിൽ നിന്നും പുറത്ത് വരും. എല്ലാരും കൂടെ വാനിൽ കയറി രക്ഷപ്പെടണം. ഈ തക്കത്തിനു താനും കൂടെ വന്ന വെടിക്കാരും പൊളിഞ്ഞ റോഡിന്റെ ഇടത്ത് കൂടെ ഓടി റിച്ചാഡിന്റെ പഴയ കോട്ടേജിൽ കയറണം. അവിടെ വെച്ച് തോമസോ ഫ്രെഡോ
തനിക്ക് കിരീടം കൈമാറും. അത് സൂക്ഷിച്ച് റിച്ചാഡിന്റെ അടുത്ത് എത്തിക്കണം. ഇതിലെ ആദ്യ ഭാഗം ഒരു മിനിട്ട് കൊണ്ട് തീർക്കണ്ടതാണു. അതിനുള്ള തിരിയാണു കയ്യിൽ.
ഒരു മിനിട്ട് പൊട്ടാനും പുകയാനുമുള്ള കോപ്പേ അവന്മാർ നിരത്തിയിട്ടുള്ളൂ. അതാണു കുഴപ്പമായത്. ശവങ്ങൾ.
12 മണി അടിച്ച് തുടങ്ങുന്നതും അവസാനത്തെ മണി അടിച്ച് കഴിയുന്നതും തമ്മിൽ 12 സെക്കന്റ് സമയം ഉണ്ട്. താനവിടെ തിരി തെറ്റിച്ച് കൊളുത്തിയാൽ പാവം ഫ്രെഡ് കിരീടമില്ലാതെ ഇറങ്ങേണ്ടി വരും. തോമസ് കിരീടവും കൊണ്ട് തുറക്കാത്ത വാതിലിനു മുന്നിൽ പെടും. വൈകിയാൽ വാൻ വരുന്നത് തയ്യാറായി നിൽക്കുന്ന കാവൽക്കാരുടെ മുന്നിലേക്കാവും.
മറഞ്ഞിരിക്കുന്ന പൊന്തക്കാടിനുള്ളിലൂടെ തന്റെ തലയിലേക്ക്
റിച്ചാഡിന്റെ ഇരട്ടക്കുഴൽ അമരുന്നതായി അലനു തോന്നി.
11.59
കൂടെ വന്ന വെടിക്കാർ എല്ലാം ചെക്ക് ചെയ്ത്
തള്ളവിരലുയർത്തിക്കാണിച്ച് പിന്നിലേക്ക് വലിഞ്ഞു. കൂട്ടത്തിലെ നേതാവായ റോബിയെ അലൻ കഴുത്തിൽ പിടിച്ച് അടുക്കലിരുത്തി.
"ഇവിടെയിരിക്ക്!"
"എനിക്ക് പോവണം. ഞാൻ ഇവിടെ ഇരിക്കുന്ന ഭാഗം തിരക്കഥയിലില്ലാത്തതാണു!"
"ഭയമാണെന്നു സമ്മതിക്ച്ചേക്കൂ", അലൻ അയാളെ പുച്ഛിച്ചു.
"നോക്കൂ അലൻ. നിങ്ങളീ പണിയിൽ പുതിയതാണു.
നിങ്ങൾക്കിതിന്റെ ഉള്ളുകളികൾ അറിയാഞ്ഞിട്ടാണു. കിരീടം ഏറ്റുവാങ്ങുന്ന ആളുടെ കൂടെയിരിക്കാൻ എനിക്ക്
സാധ്യമല്ല. കോളറിൽ നിന്നു വിടൂ, പ്ലീസ്"
"കിരീടമേറ്റു വാങ്ങുന്ന ആൾക്കെന്താ കുഴപ്പം? നിങ്ങളെന്നെ കളിപ്പിക്കയാണു! ഭീരു"
അലൻ നിലത്തേക്കു തുപ്പി. തുപ്പലിൽ വായിൽ ചതച്ചിരുന്ന പുകയിലക്കഷണങ്ങൾ താഴെ വീണു. ഉമിനീരിന്റെ ചൂടിലുരുകിയ ഒരു തുള്ളി മഞ്ഞിൽ അത് കലങ്ങി.
"നോക്കു അലൻ. നിങ്ങൾക്കീ കഥ അറിയില്ലായിരിക്കാം. അഥവാ
അറിഞ്ഞിട്ടും വിശ്വാസമില്ലായിരിക്കാം. എങ്കിലും ഒരു കാര്യം പറയട്ടെ, ആ കിരീടത്തിന്റെ കൂടെ രണ്ടാൾ, രണ്ടവകാശികൾ, രണ്ടുടമസ്ഥർ ഒരിക്കലും വാഴില്ല. ഒരുത്തനു മരണം നിശ്ചയമാണു സുഹൃത്തേ. നിങ്ങൾ ഒറ്റക്ക്
വാങ്ങുന്നതും കൊടുക്കുന്നതുമല്ലേ അപ്പോ നല്ലത്? നമ്മളെ വിട്ടേക്കൂ" റോബിയുടെ സ്വതേ കോടിയിരുന്ന ചുണ്ടുകൾ വിറച്ചു. വിരലുകൾ കോച്ചിപ്പിടിക്കുന്നു. ലെതർ തൊപ്പിക്കുള്ളിൽ നിന്നും വെളുത്ത മുടിയിഴകൾ ഇറങ്ങി വരുന്നു.
ഓൾഗക്കും വെളുത്ത മുടിയാണു!
"പൊക്കോളൂ" അലൻ അയാളെ സ്വതന്ത്രനാക്കി. പോവുന്നതിനു മുന്നെ അവൻ അയാളുടെ നെറ്റിയിൽ ചുംബിച്ചു. ദൂരെ ഒരിടത്ത് ഓൾഗയിൽ അതൊരു വികാര വേലിയേറ്റമുണ്ടാക്കി.
റോബി കുന്തം മിഴിച്ചിരുന്നു.
"പോവുന്നില്ലേ?"
അലൻ ചോദിച്ചു.
12 മണി. ആഷ്ടൺ ക്ലോക്കിൽ മണികൾ മുഴങ്ങിത്തുടങ്ങി.
"കൊളുത്തൂ!!!"
റോബി അലറി.
"ഇപ്പഴോ?"
"പിന്നെ എപ്പോഴാണു, മണ്ടാ!!" അയാൾ നിലത്തിരുന്നു ചാടുകയായിരുന്നു.
അലൻ ചിന്തിച്ചു.
12 മണികൾ മുഴങ്ങി കഴിഞ്ഞിട്ടോ, അതോ ആദ്യ മണി മുഴങ്ങുമ്പോഴോ തിരി കത്തിക്കേണ്ടത്?
റോബി അലന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.
"കത്തിക്കെടാ നായേ!"
ദൂരെ ഇരുട്ടിൽ മ്യൂസിയത്തിന്റെ മേൽക്കൂര തലയുയർത്തി നിന്നു. അതിന്റെ വിക്ടോറിയൻ ശൈലയിൽ നിർമ്മിച്ച മിനാരങ്ങളിലൊന്നിൽ നിന്നു പെട്ടെന്നൊരു ആൾ രൂപം പൊന്തി.
"ദേ ഫ്രെഡ്! കത്തിക്കെടാ പൊട്ടാ" റോബി അലറിക്കൊണ്ടേയിരുന്നു.
കാവൽപ്പുരകളിൽ വെളിച്ചം തെളിഞ്ഞു. ആരോ വിസിലടിക്കുന്നു.
ഇന്നു കിട്ടുന്ന 450 പൗണ്ട് കൊണ്ട് ഓൾഗയെയും കൂട്ടി കണ്ട്രിസൈഡിൽ പോയി താമസമാക്കണം. തടി കൊണ്ട് നിർമ്മിച്ച ഒരു കൊച്ചു വീട്ടിൽ അവളെ സമധാനമായി പാർപ്പിക്കണം.
തണുത്ത രാവിൽ, ബഹളങ്ങൾക്കിടയിൽ മനസ്സ് കുതറുന്നു. ചിന്തകൾ താളവും ശ്രുതിയും തെറ്റി തലച്ചോറിൽ തില്ലാന പാടുന്നു.
ഫ്രെഡ് വെടി കൊണ്ട് വീണു. കിരീടം പൊളിഞ്ഞ ഓടിലൂടെ
തിരികെ തോമസിലേക്കെത്തി.
അലൻ കൊള്ളികളുരച്ചു. കത്തുന്നില്ല. ആകെ നനഞ്ഞിരിക്കുന്നു. റോബി തരിച്ചിരുന്നു. നേരത്തേ ഓടിപ്പോയ വെടിക്കാരിലാരോ തലയിൽ കൈ വെച്ച് നിലവിളിച്ചു.
"നശിപ്പിച്ചു!!"
റോബി എണീറ്റ് അടുത്ത് കിടന്ന രണ്ട് കല്ലുകളെടുത്ത് വെടിക്കോപ്പുകൾക്കരികിലേക്ക് ഓടി. പോവുന്ന വഴി അവൻ തിരിഞ്ഞ് നിന്നു അലനെ പ്രാകി. ആഷ്ടൺ ക്ലോക്കിൽ പന്ത്രണ്ടാമത്തെ മണിയും കഴിഞ്ഞു.
അലൻ തെറ്റാതെ എണ്ണിയിരുന്നു. നെഞ്ചിൽ കിടന്ന ഹൃദയം ദ്രുതമായി ചലിച്ചു. അതിന്റെ ഉള്ളറകൾ അതിവേഗം അടഞ്ഞും തുറന്നും കൊണ്ടിരുന്നു. മുകളിൽ നിന്നു വീണ രണ്ട് തുള്ളി വെള്ളമാണു അലനു സ്ഥലകാലബോധം നൽകിയത്.
പന്ത്രണ്ട് കഴിഞ്ഞൊ? അവൻ സ്വയം ചോദിച്ചു. വിയർത്തു.
റിച്ചാഡിന്റെ ഇരട്ടക്കുഴൽ നെറ്റിയിലമരുന്നു.
സംശയം തോന്നാൻ കണ്ട നേരം! അവൻ സ്വയം പ്രാകി.
റോബി ഓടിപ്പോയി കല്ലുരച്ച് വെടിക്കോപ്പിനു തീ കൊടുത്തു. കറുത്ത വാൻ ഗേറ്റ് തകർത്ത് അകത്ത് കടന്നു. അലൻ നോക്കി നിൽക്കുമ്പോൾ തീ പിടിച്ച ഒന്നു രണ്ട് കാവൽക്കാർ മുന്നിലൂടെ ഓടി കൂട്ടിയിടിച്ച് വീഴുന്നു. പുകയിൽ റോബിയെ കാണാനില്ല.
മ്യൂസിയത്തിന്റെ വാതിൽ പൊളിച്ച് തോമസ് പുറത്തിറങ്ങി.
ഇനി നേരം കളയാനില്ല. ഇനി സംശയങ്ങളുമില്ല.
എത്തേണ്ടിടത്ത് എത്തുക തന്നെ. അലൻ പൊന്തക്കാട്ടിൽ നിന്നു പൊന്തി. മഞ്ഞിൽ കാലു പൂണ്ടു പോവുന്നു. നീട്ടി വെക്കാനോ പെട്ടെന്നെടുക്കാനൊ പറ്റുന്നില്ല. പുറകിൽ വെടിക്കോപ്പുകൾ കത്തിയെരിയുകയാണു. റോബിയും കൂടെ കത്തുന്നുണ്ടാവാം എന്ന ചിന്തയുടെ ചൂടിൽ മഞ്ഞും മനസ്സും അലിഞ്ഞു. അവൻ ഓടി.
ഗേറ്റ് കടന്ന വാനിന്റെ പാസഞ്ചർ സീറ്റിൽ ഇരുന്ന തോമസിന്റെ നെഞ്ചിലൂടെ ഒരു ബുള്ളറ്റ് കയറിയിറങ്ങി. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഹാർവ്വി കിരീടത്തെ ഭദ്രമായി പിടിച്ചിരുന്നു. വാൻ ഗേറ്റും മതിലും കടന്ന് പൊളിഞ്ഞ റോഡിലേക്ക് കയറി.
ഏകദേശം ഒരഞ്ഞൂർ മീറ്റർ അലൻ ഓടിയിരിക്കണം. പിന്നിൽ ഏതോ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ട് അവൻ ഇടത് വശത്തേക്കൊതുങ്ങി. പൊലീസാണെങ്കിൽ പിടി കൊടുക്കരുത്!
കറുത്ത വാൻ വന്നു നിന്നു. പിന്നാലെ പൊലീസ് കാറുകൾ പാഞ്ഞു വരുന്നുണ്ട്. ഹാർവ്വി അലനു നേരെ കിരീടം എറിഞ്ഞ് കൊടുത്തു. എന്നിട്ടു കാർക്കിച്ച് തുപ്പി.
"പിന്നിലൊരു ശവമുണ്ട്. പിന്നെ മ്യൂസിയം മൈതാനത്തിന്റെ മുന്നിലും. അതുകൂടെ എടുത്ത് കൊണ്ടുപോടാ നായേ..!!"
അലൻ കിരീടം വാങ്ങിപ്പിടിച്ചു. പിന്നിൽ പൊലീസ് കാറുകൾ ഇരമ്പി വരുന്നു.
രക്ഷപ്പെടണം. അലൻ പൊളിഞ്ഞ റോഡിൽ നിന്നിറങ്ങി മതിൽ ചാടിയോടി.
പിന്നിൽ വെടിയൊച്ചകൾ കേട്ടു. ഒച്ചകൾ കുറഞ്ഞ് അലിഞ്ഞ് ഇല്ലാതാവുന്ന അത്ര ദൂരം അവൻ ഓടി. മുന്നിൽ ഹൂബ്ബർ പാർക്കിന്റെ
പച്ച സൈൻ ബോർഡ്.
12.30 കഴിഞ്ഞിരിക്കണം. മങ്ങിയ നിലാവുണ്ട് എവിടെയും. മഞ്ഞു പരന്ന് കിടക്കുന്ന ഹൂബ്ബർ പാർക്കിന്റെ കൈവരികൾ മരവിച്ചിരിക്കുന്നു. ഉറഞ്ഞ ഊഞ്ഞാലുകളുടെയും ഉരുകിയ വെള്ളമൊലിക്കുന്ന സ്ലൈഡുകളുടെയും ഇടയിൽകൂടിയാണു അലൻ ഓടുന്നത്. ശുഭ്രമായ മഞ്ഞുകണങ്ങളിൽ തട്ടിത്തെറിച്ച ചന്ദ്രിക ആ ഭൂമിയെ മനോഹരമായൊരു പകൽ പോലെ കറുത്ത കാന്വാസിൽ വരച്ചിട്ടു.
പാർക്കിലെ ഇടവഴികൾ അലനു
കാണാപ്പാഠമായിരുന്നു. കുഞ്ഞിലേ അമ്മയൊത്തു വന്നിരുന്ന കളിസ്ഥലങ്ങൾ, ഓൾഗയെയും കൂട്ടി പോവാറുള്ള പൊന്തക്കാടുകൾ. ഓൾഗക്കു പൊന്തക്കാടുകളിൽ പോവുന്നത് ഇഷ്ടമല്ലായിരുന്നു. 50 പൗണ്ടിന്റെ കണക്ക് പറയുമ്പോൾ ഒടുവിൽ അവൾ സമ്മതിക്കും.
അലൻ കോട്ടേജിൽ എത്തി.
ഭീമാകാരമായ മരവാതിൽ തള്ളിത്തുറന്ന് അകത്തു
കയറിയപ്പോൾ ഒരാശ്വാസം! കോട്ടിനടിയിലൊളിപ്പിച്ച കിരീടം ഭദ്രമാണു.
"റിച്ചാഡ്!" അവൻ വിളിച്ചു.
"അതെ, വരൂ അലൻ.
മിടുക്കൻ. എന്റെ ഇത്രയും ശിങ്കിടികളൊന്നു പോലും ജീവനോടെത്തിയില്ല ഇത് വരെ. തുടക്കക്കാരനായ നീ എത്തിയിരിക്കുന്നു, കോടികൾ വില മതിക്കുന്ന ഈ നിധിയുമായിട്ട്!! ഹുറേയ്! ഭേഷ്!" റിച്ചാഡ് കയ്യടിച്ച് കടന്നു വന്നു.
അയാളുടെ ചുണ്ടിൽ സ്വർണ്ണം കെട്ടിയ ഒരു പൈപ് എരിയുന്നുണ്ടായിരുന്നു. സ്കാർലറ്റ് നിറത്തിൽ കമ്പിളിയിൽ തുന്നിയ ഒരു കോട്ടും, സ്വർണ്ണ അലകുകൾ പിടിപ്പിച്ച ട്രൗസറുമായിരുന്നു അയാളുടെ വേഷം. അലൻ സൂക്ഷിച്ച് നോക്കി.
ഇരട്ടക്കുഴൽ കാണാനില്ല.
അകത്തെ മുറിയിൽ ആളനക്കം കേൾക്കുന്നു. ഒരു ചെറുചിരാത് അകത്ത് മുനിഞ്ഞ് കത്തുന്നുണ്ട്. റിച്ചാഡിനു അന്തിക്കൂട്ടുണ്ട്. തീർച്ച.
അലൻ നേരം കളയാതെ കിരീടം റിച്ചാഡിനു മുന്നിൽ വെച്ചു. റിച്ചാഡ് മൂന്ന് നൂറു പൗണ്ട് നോട്ടുകൾ കീശയിൽ നിന്നെടുത്ത് അലനു മുന്നിൽ വെച്ചു.
"മുന്നൂറോ? അഞ്ഞൂറാണു ഞാൻ ചോദിച്ചത്. നാന്നൂറ്റി അമ്പതാണു നിങ്ങൾ സമ്മതിച്ചത്! എന്നിട്ട് മുന്നൂറോ?"
അലൻ കിരീടം തിരിച്ചെടുത്തു.
റിച്ചാഡ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
"നോക്കൂ അലൻ. നിങ്ങളുടെ കയ്യിൽ ആയുധം ഇല്ല. എന്റെ കയ്യിലുണ്ട്. ആ കിരീടം എനിക്കുള്ളതാണു, നിന്റേതല്ല. അത് നിനക്ക് സൂക്ഷിക്കാനും സാധിക്കില്ല. വെറുതെ ഒരു കശപിശക്കു നിന്ന് ഈ രാത്രി നശിപ്പിക്കാതെ ആ
നോട്ടുകളെടുത്ത് പുറത്ത് പോകൂ, ദയവ് ചെയ്ത്, അലൻ! എനിക്ക് നിങ്ങളോട് സ്നേഹമുണ്ട്"
ഇരട്ടക്കുഴൽ അയാളുടെ കയ്യിൽ ഇല്ല. അലനു അതറിയാമായിരുന്നു. അവൻ ധൈര്യത്തോടെ വെല്ലുവിളിച്ചു.
"മിസ്റ്റർ റിച്ചാഡ്! ഈ കിരീടം എന്റെ കയ്യിലാണു. ഞാനാണത് ഇത്രേടം എത്തിച്ചത്. അതിനിയും എത്ര വേണമെങ്കിലും എന്റെ കയ്യിലിരിക്കും. ഇത് താങ്ങാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ദയവായി ഒരു ആയിരം പൗണ്ട് ആ മേശമേൽ വെച്ചാൽ ഈ കിരീടം ഞാൻ വിട്ടു തരാം"
കൃത്യം പന്ത്രണ്ടിനായിരുന്നു വെടി പൊട്ടേണ്ടിയിരുന്നത്. അത് ബുള്ളറ്റ് വയറ്റിൽ കയറിയപ്പോൾ അലനു ബോധ്യമായി. കിരീടം ചോര പറ്റി താഴെ കിടന്നു. മുന്നിൽ ഒരു കൈത്തോക്കുമായി റിച്ചാഡ് നിന്നു. അയാൾ പൈപ്പിൽ നിന്നു പുക വലിച്ചൂതിവിട്ടുകൊണ്ടിരുന്നു.
"നിങ്ങൾ ഈ കഥ കേട്ടിരിക്കുമോ എന്നറിയില്ല. അഥവാ കേട്ടിട്ടും വിശ്വസിക്കാത്തതാണോ എന്നും അറിയില്ല. പറയാൻ എനിക്കൊട്ടു മനസ്സുമില്ല. എന്നിരുന്നാലും പറയാം ചുരുക്കത്തിൽ. ഈ കിരീടത്തിനു
രണ്ടവകാശികൾ വാഴില്ല കുഞ്ഞേ. നമ്മുടെ കഥയിൽ വാഴുന്നത് ഞാനായിപ്പോയി. ദൈവം സ്വർഗ്ഗരാജ്യം തന്നെ നിനക്ക്
നൽകട്ടെ"
അലന്റെ കണ്ണിൽ ഇരുട്ട് കയറി. കൈകൾ നിലത്തെ പൊടിയിൽ ചോര കുഴച്ചുകൂട്ടി. കാലുകൾ പിടഞ്ഞു. കുടലുകൾ മുറിഞ്ഞ് രക്തമൊഴുകുന്നു. ഉള്ളു തകരുന്ന വേദന.
ഓൾഗയെ ഓർമ്മ വരുന്നു. അവളുടെ ഗന്ധത്തെ. ഏതോ ഒരു കസ്റ്റമർ അവൾക്ക് സമ്മാനിച്ച വിലയേറിയ ഫ്രഞ്ച് സുഗന്ധദ്രവ്യത്തെ. അകത്തെ മുറിയിൽ നിന്നും ആ ഗന്ധം നിറഞ്ഞുപരക്കുകയാണു.
ഓൾഗ അകത്തുണ്ട്.
ചോരയിൽ കിടന്ന് അലൻ പുഞ്ചിരിച്ചു.
ഈ കിരീടത്തിനു രണ്ടവകാശികൾ വാഴില്ല, റിച്ചാഡ്.
ഇരട്ടക്കുഴൽ ഓൾഗയുടെ കയ്യിലാണ്!!