"എനിക്കവനെ അവസാനായി ഒന്നൂടെ കാണണം", പൊളിഞ്ഞിളകി തുടങ്ങിയ ചുവരുകൾക്കുള്ളിൽ, അടച്ചു സാക്ഷയിട്ട വാതിലിന്റെ നേർത്ത സുരക്ഷിതത്ത്വത്തിൽ നിറം മങ്ങി തുടങ്ങിയ ടിവി സ്ക്രീനിൽ അവന്റെ മുഖം തെളിഞ്ഞപ്പോൾ അവർ പറഞ്ഞു. പുറത്ത് ആരുടെയൊക്കെയോ ആക്രോശങ്ങൾ കേൾക്കായിരുന്നു. നരച്ച ജീവിതങ്ങൾ തിങ്ങി പാർത്ത ഇടുങ്ങിയ തെരുവോരത്തൂടെ നടന്നു നീങ്ങിയ ജന്മങ്ങൾ ആ വീടിനെ ശപിച്ചു. വീട്ടുകാരെ ശപിച്ചു. പഴയ ചില പരിചയക്കാർ സഹതാപത്തോടെയും അൽപം വെറുപ്പോടെയും നോക്കി. ഉള്ളിൽ രണ്ട് ജന്മങ്ങൾ പരസ്പരം പുണർന്നും കരഞ്ഞും സമയം കളഞ്ഞു. ദിവസങ്ങളായി ആരും
കയറാതെ കിടന്ന അടുക്കളയിൽ നിന്നു പുളിച്ച ഭക്ഷണത്തിന്റെ ഗന്ധവും, വീടിന്റെ പിന്നിൽ നിന്നു കാനയിലെ ദുഷിച്ച ഗന്ധവും ചേർന്നു മുറികൾക്കുള്ളിൽ നിറഞ്ഞു നിന്നു. എന്നാൽ ഇതൊന്നും തന്നെ ആ വൃദ്ധ ദംബതികളെ ബാധിച്ചതേയില്ല. അവർക്ക് കാണാൻ അവരുടെ മകന്റെ ചിത്രം ഇടക്കിടെ ടിവി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. അതിനിടക്ക് അവളുടെ മുഖം വരുംബോൾ ഒക്കെ ഒരു നേർത്ത തേങ്ങൽ എവിടെയൊക്കെയോ ഉയർന്നിരുന്നു.
" അവർ അവനെ കൊല്ലുന്നതിനു മുന്നേ എനിക്കവനെ കാണണം.....", വൃദ്ധ തേങ്ങി.
കോടതിക്കു പുറത്ത് ജനസാഗരമായിരുന്നു. അവളുടെ മുഖം ഓരോ ചുവരിലും മതിലിലും നിറഞ്ഞു നിന്നിരുന്നു. അവൾക്കു വേണ്ടി കണ്ണീരൊഴുക്കിയവരും അവന്റെ തലക്കു വേണ്ടി സമരം ചെയ്തവരും കോടതിമുറ്റത്ത് തിങ്ങിക്കൂടിയിരുന്നു. അവൾക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ വാദിച്ചവർ വീട്ടിലെ വലിയ സ്ക്രീനുകളിൽ സംഭവങ്ങൾ തത്സമയം കണ്ടുകൊണ്ടിരുന്നു. കാമറ ഫ്ലാഷുകൾ മിന്നി മറഞ്ഞതിനിടെ അവന്റെ കൈ പിടിച്ച് കാക്കികുപ്പായക്കാർ നീതിപീഠത്തിന്റെ വാതിൽ തുറന്നു പുറത്ത് വന്നു. കുപ്പികളും ചെരിപ്പുകളും പറന്നു വന്നു. തല മറച്ചിരുന്ന ചെറിയ കറുത്ത തുണി കാറ്റിൽ പറന്നു വീണു. സദാചാരക്കാരും പുരോഗമനക്കാരും ഒന്നിച്ച് മുദ്രാവാക്യം വിളിച്ചു. സദാചാരക്കാർ സമൂഹത്തിന്റെ അധ:പതനത്തിനെ തെറി വിളിച്ചു. പുരോഗമനക്കാർ പഴമ സമൂഹത്തിൽ വിസർജ്ജിച്ചു പോയ സെക്ഷ്വൽ അനാർക്കിയേയും തെറി വിളിച്ചു. ഇതിനിടെ ചെറിയ ഒച്ചയിൽ ഒരു കൂട്ടം സ്ത്രീപക്ഷക്കാർ പുരുഷ മേധാവിത്തത്തിനെയും
തെറി വിളിച്ചു.
"എനിക്കവനെ ഒന്നു കാണണം.. ഒന്നടുത്ത് കാണണം...", വൃദ്ധ കാക്കിക്കുപ്പായക്കാരനോടു തേങ്ങി പറഞ്ഞു.
" അമ്മയാ...",
വൃദ്ധൻ കാക്കിയോടു മെല്ലെ പറഞ്ഞു. ശബ്ദം കേഴുകയായിരുന്നു. കണ്ണുകൾ മങ്ങി, കണ്ണീർ കാഴ്ച്ച മറച്ചിരുന്നു.
"ഒന്നു കൊണ്ടോയി കാണിച്ച് കൊടുക്കോ?"
കാക്കിക്കാരൻ വൃദ്ധയുടെ കൈ പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു. തിരിച്ചറിഞ്ഞ വളരേ കുറച്ച് പേർ അവരെ നിന്ദയോടെയും, വെറുപ്പോടെയും, ചിലർ സഹതാപത്തോടെയും നോക്കി. അടക്കി പിടിച്ച സംസാരങ്ങൾ എന്നാൽ അവർ കേട്ടില്ല.
ചുറ്റും കൂടി നിന്ന അപരിചിതരുടെ മുഖങ്ങൾ അവർ കണ്ടില്ല. മകനായി കൊടുക്കാൻ കൊണ്ടുവന്ന ഒരു കൊച്ചു സഞ്ചി കൈയ്യിൽ ചേർത്തു പിടിച്ച് അവർ കാക്കിയുടെ കൂടെ നടന്നു.
"അമ്മേ..", മുന്നിൽ പാതി മുഖം മറച്ച മകൻ. കാണാവുന്നിടത്തെല്ലാം നീരും നീലച്ച പാടുകളും.
കുഞ്ഞിലേ വീണു തൊലി പൊട്ടിയപ്പോൾ പച്ചമരുന്ന് തേച്ച് മുറിവ് മായ്ച്ച മുഖത്ത് കരിനീല പാടുകൾ..
" അമ്മേ..."
"മോനേ.."
"അമ്മേ....."
"നീ അവളെ കൊന്നല്ലോ മോനേ..."
"അമ്മേ..., എന്നെ വെറുക്കരുതേ...."
"ഇല്ല പൊന്നു മോനേ... നിന്നെ ഞാൻ എന്നും സ്നേഹിക്കും..."
"അമ്മേ...."
ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നത് അവൻ അറിഞ്ഞു. പൊലീസ് വാങ്ങിച്ചണിയിച്ച ഷർട്ടിൽ നനവ് പടരുന്നു. കണ്ണീരും ചോരയും താഴേക്കൊഴുകുന്നു.
"അമ്മേ..."
ആൾക്കൂട്ടത്തിന്റെ ബഹളം ഏറിയപ്പോൾ, കാക്കിക്കാർ തലങ്ങും വിലങ്ങും ഓടിയപ്പോൾ, തലക്കു മീതെ സൂര്യൻ കത്തി നിന്നു നെറ്റിയിലൂടെ വിയർപ്പും കഴുത്തിലൂടെ ചോരയും ഒഴുകിയപ്പോൾ, അവന്റെ മുന്നിൽ അമ്മ കയ്യിൽ ഒരു കൊച്ചു വെട്ടുകത്തിയുമായി നിന്നു.
"നീ അവളെ കൊന്നല്ലോ മോനേ...
ഇതിൽ കൂടുതൽ ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കും എന്റെ മോനേ...."
കാക്കിക്കാരുടെ കൈകളിൽ തളർന്നു വീഴുംബോൾ, അമ്മ ഒരു മായ പോലെ മറയുംബോൾ, പാതി മങ്ങിയ അവന്റെ കണ്ണുകൾ ഒരു ചുമരിലെ ചിത്രത്തിൽ തങ്ങി നിന്നു.
അവളുടെ മുഖം.
അവൾ മന്ദഹസിചുവോ?
No comments:
Post a Comment