പ്രജ്ഞ

പ്രജ്ഞ

Thursday, September 22, 2016

കാക്കക്കഥ

വളരേ പണ്ട്‌ ഉണ്ടായ സംഭവം ആണു.. എന്റെ കുഞ്ഞിലേ... ഒരു ദിവസം..
അമ്മ മുറ്റത്ത്‌ ഗോതംബ്‌ ഉണക്കാൻ ഇട്ടിരുന്നു. അത്‌ കൊത്തി തിന്നാൻ കാക്കകളും ചുറ്റും പറന്നു നടന്നിരുന്നു. കാവലിനു അമ്മ ഏൽപ്പിച്ചത്‌ അന്നു 5-6 വയസ്സ്‌ പ്രായമുള്ള എന്നെ! ചെറുപ്പത്തിലേ അപാര ഉന്നം ആയിരുന്നത്‌ കൊണ്ട്‌ എറിഞ്ഞ കല്ലുകളൊന്നും കാക്കകൾക്കു കൊണ്ടില്ല ന്നു മാത്രമല്ല, കിട്ടിയ ചാൻസിനൊക്കെ അവറ്റകൾ വന്നു ഉണക്കാനിട്ട ഗോതംബ്‌ കൊത്തി തിന്നുകയും ചെയ്തു. കാക്കക്കൂട്ടത്തെ ഓടിക്കാനുള്ള എന്റെ വിഫലശ്രമങ്ങൾക്കും അമ്മയുടെ കയ്യിൽ നിന്നു കേൾക്കാൻ എല്ലാ സാധ്യതയുമുള്ള വഴക്കിനും ഇടക്ക്‌ അന്നു സൂപ്പർഹീറോ പോലെ അമ്മൂമ്മ പെട്ടെന്നു കേറി വന്നു. പുള്ളിക്കാരി നൈസായിട്ടു എവിടെ നിന്നോ ഒരു മരക്കഷണവും അതിന്റെ അറ്റത്തു പണ്ടു ചത്തു മലച്ച ഏതോ ഒരു കാക്കയുടെ എല്ലും തോലും തൂവലും ചേർത്തു വച്ച്‌ കെട്ടിക്കൊണ്ടാണു വന്നത്‌. എന്നിട്ടു ഉണക്കാനിട്ട ഗോതംബിനും കാക്കക്കൂട്ടത്തിനും മദ്ധ്യേ മണ്ണിൽ കുത്തി നിർത്തി.
അത്ഭുതമെന്നു പറയട്ടെ, അൽപനേരം മരക്കൊംബുകളിലും മണ്ണിലും പോസ്റ്റായി ഇരുന്ന ശേഷം കാക്കകൾ ഗോതംബിനു അടുത്ത്‌ വരാതെ ഒതുങ്ങി മാറി പറന്നു പോയി.
കാഴ്ച്ച കണ്ട്‌ കിളി പോയി നിന്ന ഞാൻ അമ്മൂമ്മയോടു അതിന്റെ സീക്രട്ട്‌ ചോദിച്ചു.
അമ്മൂമ്മ പറഞ്ഞു, "ഇമ്മാതിരി വേണ്ടാതീനം കാണിച്ചാൽ ആ ചത്ത കാക്കേടെ അനുഭവം ഉണ്ടാവും ന്നു കാണിക്കാൻ ആണു ആ ഡെഡ്ബോഡി കോലിന്മേൽ കുത്തി നിർത്തി കാക്കകളെ കാണിച്ചത്‌. ഒരു വിധം വിവരം ഉള്ള കാക്കകൾ ഒക്കെ അത്‌ കണ്ടു സിറ്റ്വേഷൻ മനസ്സിലാക്കി രക്ഷപ്പെട്ടോളും"

                 സംഭവം സൈക്കളോജിക്കൽ മൂവ്‌ ആണു. അതായത്‌ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്ത കൂട്ടത്തിലൊരുത്തനു അതിനു പ്രതിഫലമായി കിട്ടിയ ശിക്ഷ കാണിച്ച്‌ പേടിപ്പിച്ച്‌ ഒരു സമൂഹത്തെ മുഴുവൻ ആ തെറ്റിൽ നിന്നു പിന്തിരിപ്പിക്കുക. കാക്കകളുടെ കാര്യത്തിൽ കോമൺ സെൻസോ അതോ ജന്മനാ ലഭിച്ച പ്രതികരണ-പ്രതിരോധ-ചിന്താ ശേഷിയൊ എന്നറിയില്ല, എന്തായാലും അവർക്ക്‌ കാര്യം മനസ്സിലായി.

ഇവിടെ കാക്കകൾക്കു ഗോതംബിനെ ഉപേക്ഷിക്കാനുള്ള പ്രേരണ ആയത്‌ ഭയം ആണു.. സിമിലർ മിസ്റ്റേക്‌ ചെയ്ത കൂട്ടുകാരനു ലഭിച്ച ശിക്ഷ ഓർത്തുള്ള ഭയം. ആ ഭയത്തിന്റെ പേരിൽ ആണു കാക്കക്കൂട്ടം വഴി മാറി പോയത്‌. അല്ലാതെ വീട്ടുകാർ ഉണക്കാനിട്ട ഗോതംബ്‌ ചുമ്മാ അങ്ങു കൊത്തി തിന്നു തീർക്കരുത്‌ എന്ന സന്മാർഗ്ഗ ചിന്ത ഉണ്ടായിട്ടല്ല! അതായത്‌, അമ്മൂമ്മ വന്നു ആ കോലും കാക്കയുടെ ശവവും എടുത്ത മാറ്റി, കണ്ണൊന്നു തെറ്റുന്ന നിമിഷം അവർ പറന്നെത്തും. ഗോതംബ്‌ കൊത്തി തിന്നും.

ഈ അടുത്ത്‌ വർദ്ധിച്ച്‌ വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരേ പലരും നടത്തിയ പ്രസ്താവനകൾ കേട്ടപ്പോൾ ഈ സംഭവം ഓർമ്മ വന്നു. "ലൈംഗിക പീഡനങ്ങൾക്കു വധശിക്ഷ തന്നെ നൽകണം, ആ ഭയം കൊണ്ടു ആളുകൾ ബലാൽസംഗത്തിൽ നിന്നു പിന്തിരിയട്ടെ" എന്നായിരുന്നു ഭൂരിപക്ഷം പ്രസ്താവനകളുടെയും സത്ത.
സത്യത്തിൽ ചോദ്യം ഇതാണു.. സ്വന്തം മകളെ, പെങ്ങളെ, അമ്മയെ, അടുത്ത വീട്ടിലെ ചേച്ചിയെ, തുണയറ്റ ജീവിതങ്ങളെ ഒക്കെ ഒരു ലൈംഗിക ഉപകരണമായി കണ്ട്‌ ഭോഗിക്കാതിരിക്കാനുള്ള കാരണം നിയമത്തോടും ശിക്ഷയോടും ഉള്ള ഭയം മാത്രം കൊണ്ടാണു എന്നു ഒരു പുരുഷന്റെ മനസ്സിൽ ചിന്ത കടന്നു കൂടുന്ന അവസ്ഥ! സത്യത്തിൽ ആ അവസ്ഥ മേൽപറഞ്ഞ കാക്കക്കൂട്ടത്തിനു തുല്യമല്ലേ? ഭയം വഴി മാറുന്ന നിമിഷത്തിൽ ഗോതംബുകതിരുകൾ കൊത്തിത്തിന്നാൻ കാക്കകൾ വരുന്ന പോലെ, ഇരുളിന്റെ മറവിലും സുരക്ഷിതത്ത്വത്തിലും സ്ത്രീയെ കടന്നാക്രമിക്കാൻ പുരുഷനെ പഠിപ്പിക്കുന്നതല്ലേ ആ അവസ്ഥ!
ഭയം കൊണ്ടല്ല ഒരുവൻ അത്തരമൊരു കർമ്മത്തിൽ നിന്നു പിന്തിരിയേണ്ടത്‌. മറിച്ച്‌ മാറേണ്ടത്‌ മനോഭാവമാണു... ഒരു അവസരത്തിലും നിനക്ക്‌ ആഗ്രഹ-കാമ പൂർത്തീകരണത്തിനുള്ളതല്ല സ്ത്രീ എന്ന തിരിച്ചറിവും,  ഇരുളിലോ വെളിച്ചത്തിലോ ഒറ്റക്കു കിട്ടുന്ന സ്ത്രീ ഒരു അവസരമല്ലെന്നും തന്റെ ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവവും അവൾ തന്റെ അമ്മയും സഹോദരിയും ആണെന്നുള്ള ബോധവും എല്ലാറ്റിനുമുപരി, അവളുടെ ശരീരത്തിനെ തനിക്ക്‌ തന്റെ കാമതൃഷ്ണകളുടെ കലാപഭൂമിയാക്കാൻ യാതൊരു അവകാശവുമില്ല എന്ന അറിവും ആണു സമൂഹത്തിൽ വേണ്ടത്‌!

No comments:

Post a Comment