എരിയുന്നൊരുച്ചവെയിലിന്റെ ശക്തിപ്രകടനത്തിനു ശേഷം രക്തവർണ്ണമാർന്ന ശോഭ ഒന്നൂടെ വിടർത്തിയും, ഭൂമിയുടെ കണ്ണാടിച്ചില്ലുകളായ സമുദ്രങ്ങളിൽ തന്റെ സൗന്ദര്യം നോക്കി പ്രൗഡി കാണിച്ചും സൂര്യൻ തിളങ്ങി നിന്ന ആ സന്ധ്യയിൽ, മരണത്തിന്റെ മണവും മരവിപ്പും ഇനിയും വിട്ടുമാറാത്ത ശവക്കൂമ്പാരങ്ങൾക്ക് നടുവിൽ അവൻ ഇരുന്നു. നെറ്റിയിൽ പൊടിഞ്ഞ് കവിളിണകളിലേക്കൊഴുകിയ വേർപ്പുതുള്ളികളെ വടിച്ച് കളയാൻ മിനക്കെടാതെ, അത്യാഗ്രഹത്തിന്റെയും ദുരഭിമാനത്തിന്റെയും സ്പർശ്ശത്താൽ പാപപങ്കിലമായ ആ മരണങ്ങൾക്ക് ഒത്ത നടുവിൽ അവൻ ഇരുന്നു. പണ്ടെങ്ങോ ഇതുപോലൊരു സന്ധ്യയിൽ, പ്രണയവും ചിരിയും കളികളും നിറഞ്ഞൊരു കടൽത്തീരത്തിരുന്നപ്പോൾ തന്റെ ഉള്ളത്തിൽ തട്ടിത്തലോടിപ്പോയൊരു കാറ്റിനെ അപ്പോളവനോർമ്മ വന്നു. ഓർമ്മകൾക്ക് മേൽ കരിഞ്ചായം തേക്കാൻ എന്ന പോലെ, ഇന്നിപ്പോൾ എപ്പോഴും ഒരു കാറ്റ് അവനു ചുറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. ആ കാറ്റിനു കുളിർമ്മയില്ല. അത് വഹിക്കുന്നത് വസന്തത്തിന്റെ ഗന്ധവും കിളികളുടെയും കുട്ടികളുടെയും ഹർഷാരവങ്ങളുമല്ല. തിരയുടെ നേർത്ത സീൽക്കാരവും മായുന്ന വെയിലിന്റെ ആർദ്ദ്രമായ വിടചൊല്ലലുമല്ല. ഇന്നാ കാറ്റിൽ നിറഞ്ഞിരിക്കുന്നത് വേറൊരു ഗന്ധമാണ്. ഇന്നാ കാറ്റിനു വേറൊരു ഭാവമാണ്. മടുപ്പിക്കുന്ന, വെറുപ്പിക്കുന്നൊരു കാറ്റ്. രക്ഷക്കായി കേണു പിടഞ്ഞ്, അതേ നിലയിൽ മരണത്തിലേക്ക് വീണുടഞ്ഞ ഒരായിരം ആത്മാക്കളുടെ മൂകത തളം കെട്ടി നിന്ന ആ ശവക്കൂമ്പാരങ്ങൾക്ക് നടുവിൽ, ആ നശിച്ച കാറ്റേറ്റ് അവനിരുന്നു.
സന്ധ്യയും തീരാറായി. ആകാശത്ത് നിന്നു ഇനിയും രക്തവർണ്ണം മാഞ്ഞിട്ടില്ല. അതൊരു പുതുമയായ് അവനു തോന്നിയതുമില്ല. ഇന്നത് പതിവാണ്. അസ്ഥിരമായ എന്തിനേയോ, നശ്വരമായ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യകുലത്തിന്റെ പടയോട്ടങ്ങൾക്കൊടുവിൽ, ഭൂമിയിൽ സ്ഥിരമായ് നിലനിൽക്കാൻ വിധിക്കപ്പെട്ട വളരേ ചുരുക്കം വസ്തുക്കളിൽ ഒന്നായിരുന്നു ആ ചുവപ്പുനിറം. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഏതോ ഒരു അണുബോംബ് സ്ഫോടനത്തിൽ നിന്നോ, വിശപ്പ് മാറ്റാനായി മനുഷ്യൻ കയ്യിൽ കിട്ടിയ എന്തിനെയും ചുട്ടെടുക്കുന്ന ഒരു നെരിപ്പോടിൽ നിന്നോ, കൊന്നു കൊതി തീരാത്ത ഏതോ ഒരധികാരിയുടെ ചുരുട്ടിന്റെ എരിയുന്ന തുമ്പിൽ നിന്നോ ആ രക്തവർണ്ണം പുകഞ്ഞുയർന്നുകൊണ്ടേയിരുന്നു. അതുയർന്ന് പറന്ന് ആകാശത്തിലെ മേഘങ്ങളോട് ചേർന്നു നിന്നു. ശോഭ നശിച്ച ചന്ദ്രനും താരങ്ങൾക്കും ഇന്നതേ നിറമാണു. ഇടക്കിടെ മുഴങ്ങിക്കേൾക്കുന്ന പൊട്ടിത്തെറികൾക്കും വെള്ളിടികളും, പിന്നെ അവനു മാത്രം കേൾക്കാവുന്ന രോദനങ്ങളും, അട്ടഹാസങ്ങളും സീൽകാരങ്ങളും ശ്രവിച്ചുകൊണ്ട് ആ ചുവന്ന പുകപ്പന്തലിനു താഴെ അവനിരുന്നു. വീണ്ടും ആ കാറ്റാഞ്ഞുവീശി. അവൻ മണം പിടിച്ചു. മുൻപേവിടേയോ ആ ഗന്ധം താൻ അനുഭവിച്ചത് അവനോർക്കാൻ ശ്രമിച്ചു. സാധിച്ചില്ല. ഓർമ്മകളുടെ ചില്ലുജാലകങ്ങൾ കാറ്റിൽ വന്നാഞ്ഞടിച്ച് തകർന്നു. മടുപ്പിക്കുന്നൊരു ഏകാന്തത നിറഞ്ഞ വാനിലേക്ക് അവൻ മിഴികളുയർത്തി നോക്കി.
ചുവന്ന വാനിനെ ഒന്നുകൂടെ ശോഭിപ്പിച്ച് ഒരു മിന്നൽ. കാതുകൾ കൊട്ടിയടക്കുന്ന മുഴക്കം. ചുവന്നാകാശം അവനു മുകളിൽ കറങ്ങി. അവൻ തളർന്നുവീണു.
* * * * * * * * * * * * * * * * * * * * *
ഓർമ്മകളാണവന്റെ ജീവിതം. അഥവാ അവൻ തന്നെ ആണു ഓർമ്മകൾ. ആ നശിച്ച കാറ്റ് മുൻപും അവൻ അനുഭവിച്ചിട്ടുണ്ട്. ചുവന്ന ആാശത്തിനു കീഴെ, അളിഞ്ഞ ശവക്കൂമ്പാരങ്ങൾക്ക് നടുവിൽ , അവ്യക്തമായ ജൽപനങ്ങൽ ശ്രവിച്ചുകൊണ്ട് പാതി മറഞ്ഞ ബോധത്തിലും അവൻ ആ കാറ്റിനെ വീണ്ടും ഓർത്തു. യുഗങ്ങളായുള്ള ജീവിതചക്രത്തിൽ അവനെ ഭയപ്പെടുത്താനായി പലപ്പോഴായി ഓടിയെത്താറുള്ള ആ കാറ്റിനെ എളുപ്പം മറക്കാവതുമല്ല. ചിരഞ്ജീവിത്വം കൽപിച്ച് കിട്ടിയ നാളുകളിൽ, ദൈവങ്ങളുടെ വാഴ്ച്ചക്കാലങ്ങളിൽ, വസന്തത്തിന്റെ മത്തും തലക്ക് പിടിച്ച് നടന്ന അന്നു മുതൽ, ജരാനരകൾ വന്നു തളർന്നിട്ടും മരിക്കാത്ത തന്റെ ജീവിതമെന്ന മഹാപ്രതിഭാസത്തിന്റെ ഇങ്ങേ കരയിലെത്തി ചിരഞ്ജീവിത്വത്തെ ശപിക്കുന്ന ഈ നിമിഷം വരെ പലതവണ ആ കാറ്റ് അവനു മേൽ വീശിപ്പറന്നിട്ടുണ്ട്. പൊള്ളിച്ചിട്ടുണ്ട്.
താൻ ഏകനാണു. അവൻ ഓർത്തു.
ചുവന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് നോക്കി മലർന്നു കിടക്കവേ, ഓർമ്മകൾ വീണ്ടും തലയിൽ ഇരമ്പം കൂട്ടി.
* * * * * * * * * * * * * * * * * * * * * * * * *
പണ്ടവൻ ശാന്തനായിരുന്നു. എന്നാൽ തന്റെ അധികാരത്താൽ മത്തു പിടിച്ചവനും. ഏഴു കടലുകൾക്കും പർവ്വതങ്ങൾക്കും മീതെ അവൻ പറന്നിട്ടുണ്ട്. മറ്റാരും കാണാത്ത സൗന്ദര്യങ്ങൾ അവൻ ദർശ്ശിച്ചിട്ടുണ്ട്. തന്നെ വെല്ലുവിളിച്ച ഒരുപാട് പേർ വഴിയിൽ വീണൊടുങ്ങുന്നതും കണ്ടിട്ടുണ്ട്. സ്വയമേവ അറിയാത്ത ചെയ്തികൾക്ക് ഒരുപാട് പഴി കേൾക്കേണ്ടതായും വന്നിട്ടുണ്ട്. ഒരുപാട് ജനങ്ങൾക്കും മരണങ്ങൾക്കും യുഗപ്പിറവികൾക്കും യുഗാന്ത്യങ്ങൾക്കും ഉദയങ്ങൾക്കും അസ്തമയങ്ങൾക്കും അവൻ സാക്ഷിയായിട്ടുണ്ട്. അവൻ കാണാത്ത ദേവതകളില്ല, അവതാരങ്ങളില്ല.
പണ്ടൊരിക്കൽ അയോദ്ധ്യയിൽ പുത്രദു:ഖത്താൽ ഒരു രാജാവ് ഹൃദയം തകർന്ന് മരിക്കുന്നത് അവൻ കണ്ടു. അതിന്നു പതിന്നാലു വർഷങ്ങൾക്ക് ശേഷം, അതിഗംഭീരമായൊരു പട്ടാഭിഷേകം കണ്ട് അവൻ പുളകം കൊണ്ടിട്ടുണ്ട്. ഏറെ വൈകാതെ, പതിവ്രതാരത്നമായ തന്റെ ഭാര്യയെ അഗ്നിയിലേക്ക് പറഞ്ഞയച്ച ഒരു രാജാവിന്റെ ആദർശ്ശവും അവനവിടെ ദർശ്ശിച്ചു. കാതങ്ങൾ താണ്ടിയുള്ള അവന്റെ സഞ്ചാരത്തിനു അതിർത്തികൾ പ്രശ്നമായിരുന്നില്ല. പിന്നൊരുനാൾ, ദൈവപുത്രനെ കുറേപേർ ചേർന്ന് മരക്കുരിശിലേറ്റിയതും അവനു കാണേണ്ടി വന്നു. തിരുമുറിവിൽ നിന്നൊഴുകി താഴെ തളം കെട്ടിയ രക്തത്തിൽ അവൻ തന്റെ പ്രതിബിംബം കണ്ടു. മറ്റൊരിക്കൽ, പ്രവാചകന്റെ ഗുഹയിൽ പരമകാരുണ്യവാനായ അത്ഭുതതേജസ്സിനേയും അവനു കാണാൻ സാധിച്ചിട്ടുണ്ട്.
ഇപ്രകാരം യുഗങ്ങളുടെ രക്ഷകരായ അവതാരങ്ങളുടെ വരമായ സമാധാനമെന്ന മുന്തിരിവീഞ്ഞ് മോന്തി മദോന്മത്തനായി അവൻ നടന്നു. മദം അവനെ മാറ്റിയെടുത്തു. ആ മാറ്റം സർവ്വചരാചരങ്ങിളിലേക്കും പടർന്നു. അവന്റെ കണ്മുന്നിൽ ജീവജാലങ്ങൾ പരസ്പരം പോരടിച്ചു. ചോരയുടെ ഗന്ധം നിറഞ്ഞ കാറ്റ് ശക്തിയായി വീശിത്തുടങ്ങി. അവന്റെ സഞ്ചാരം തുടർന്നുകൊണ്ടേയിരുന്നു.
ഒരിക്കൽ സഞ്ചാരമദ്ധ്യേ, തകർന്ന ഒരു നഗരം അവൻ കണ്ടു. അവിടെ തീ ആളുന്നുണ്ടായിരുന്നു. പുക പറന്നുപൊന്തി കാറ്റിൽ അലിയുന്നുണ്ടായിരുന്നു. സർവ്വവും നഷ്ടപെട്ട മനുഷ്യർ വീണു കേഴുന്നുണ്ടായിരുന്നു. അതിനിടയിൽ അവൻ അവരെ കണ്ടു. തീ ആളുന്നൊരു വീടിനകത്ത് ചോര വാർന്നൊരമ്മയും കുഞ്ഞും. അമ്മയ്ക്കു നടക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ കാലുകൾക്ക് എന്തോ പറ്റിയിരിക്കണം. തന്റെ കുഞ്ഞിനെ ഒന്നു രക്ഷിക്കാൻ അവർ അലമുറയിട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ചിലർ താന്താങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണങ്ങളിൽ തകർന്നിരിക്കുകയായിരുന്നു. ചിലർ ഇനിയും നശിക്കാത്ത വീട്ടുസാമഗ്രികൾ ചേർത്തെടുക്കുന്ന തിരക്കിൽ. മറ്റു ചിലർ മോഷ്ടിക്കുന്നു. ദൂരെ ഉയരമേറിയ ഒരു കെട്ടിടത്തിൽ ഒരാൾ തന്റെ അന്നത്തെ ലാഭ-നഷ്ടങ്ങളുടെ കണക്ക് കൂട്ടുന്നുണ്ടായിരുന്നു. ആരും തന്നെ തീയാളുന്ന ആ വീട്ടിൽ നിന്നു ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. എല്ലാം കണ്ട് ഉള്ളം വിങ്ങിയപ്പോൾ, കനപ്പെട്ട കാലടികളോടെ അവൻ ആ വീടിനു നേരെ നടന്നു. കുഞ്ഞിനെ തീയേൽക്കാതെ പറ്റുന്നത്ര ഉയരത്തിൽ ഉയർത്തി പിടിച്ചിരിക്കുകയാണു ആ അമ്മ. അമ്മയുടെ കാലിൽ തീയാളുന്ന ഒരു വലിയ മരപ്പെട്ടി വീണുകിടക്കുന്നു. അവരുടെ നിലവിളി അവന്റെ കാതുകളെ തുളച്ചു. ആ പിഞ്ചുകുഞ്ഞിനെ ഏറ്റുവാങ്ങി പുറത്തേക്കോടി രക്ഷപ്പെടാൻ അവൻ മനസ്സാ തീരുമാനിച്ചതും, കത്തിയമർന്ന വീടിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ അവർക്ക് മേൽ വീണതും ഒന്നിച്ചായിരുന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു നിമിഷം. കണ്ണു തുറന്നപ്പോൾ മുന്നിൽ കത്തിക്കരിഞ്ഞ രണ്ട് ശരീരങ്ങൾ. കുഞ്ഞിന്റെ കൈകൾ അപ്പോഴും അവനു നേരെ നീണ്ടിരുന്നു.
അവൻ അലറിക്കരഞ്ഞു. തന്റെ അസ്ഥിത്വം എന്ന പ്രഹസനമോർത്ത് അവൻ സ്വയം വെറുത്തു. ദു:ഖത്തിന്റെ പൊള്ളൽപ്പാടുകൾ വീണ കൈകൾ വീശി അവൻ ആ കലാപഭൂമിയിൽ അലഞ്ഞ് നടന്നു. ചുറ്റുന്നും നിലവിളികൾ കേൾക്കായിരുന്നു.
ചോരയും മൃത്യുവും നിത്യക്കാഴ്ച്ചകളായി. കാറ്റിന്റെ ഗന്ധം കടുത്തു വന്നു. ഒരിക്കൽ ആരോ സ്വന്തം സഹോദരനെ ഒരൽപ്പം പണത്തിനു വേണ്ടി കത്തിമുനയിൽ കോർത്തു കുടഞ്ഞപ്പോൾ സാക്ഷിയായ് നിന്ന അവന്റെ മുഖത്തും ചോര തെറിച്ചു. പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം അവനാണെന്ന് ജനം വിധിയെഴുതി. സ്വയം തകർത്ത ജീവിതങ്ങളുടെ ഉത്തരവാദിത്ത്വം അവർ അവനുമേൽ കെട്ടിവച്ചു. അവന്റെ ജരാനരകൾ വർദ്ധിച്ചു വന്നു.
പിന്നീടൊരിക്കൽ, രാത്രി ഒറ്റക്കായി അലഞ്ഞ ഒരു പെൺകുട്ടിയെ അവൻ കണ്ടു. മനസ്സിൽ ആധി കയറും മുന്നേ ഒരു മാന്യൻ അവൾക്ക് അയാളുടെ വീട്ടിൽ ആഥിത്യവും സംരക്ഷണവും ഏകിയത് കണ്ട് അവന്റെ മനസ്സ് ഒന്നു കുളിർത്തു. നശിച്ച കാറ്റ് തെല്ലൊന്നടങ്ങിയതായ് അവനു തോന്നി. പിറ്റേന്ന്, അവളുടെ ചിന്നി ചിതറിയ ശരീരം ഒരു മലയടിവാരത്ത് കണ്ട നിമിഷം അവൻ തളർന്നുവീണു. പുഴുത്ത മണമുള്ള കാറ്റ് അവനെ ചുറ്റിയെടുത്തെറിഞ്ഞു. കണ്ണു തുറന്നപ്പോൾ ആകാശൻ കൂടുതൽ ചുവന്നതായി അവനു തോന്നി.
കാറ്റിനു കടുപ്പം ഏറിയതായും.
യുഗങ്ങളുടെ അനുഭവജ്ഞാനം അവനപ്പോളൊരറിവ് സമ്മാനിച്ചു. ഓരോ മകനും തന്റെ അമ്മയെ തള്ളിപ്പറയുമ്പോഴും, തമ്മിൽ പൊരുതി ഭൂമിയിൽ ഓരോ കൂടപ്പിറപ്പിന്റെ രക്തം വീഴുമ്പോഴും, ഓരോ സ്ത്രീ ശരീരത്തിനും വില പേശപ്പെടുമ്പോഴും, സൈനികശക്തികൾ ഓരോ പുതിയ ആയുധങ്ങൾ ആവനാഴിയിൽ ചേർക്കുമ്പോഴും ആകാശം കൂടുതൽ ചുവന്നു വന്നു. കാറ്റ് കടുത്തു വന്നു. കാടുണങ്ങി വന്നു. ചൂടേറി വന്നു. തിരകൾ തീരം വിഴുങ്ങി. പട്ടിണിക്കോലങ്ങൾ കൂട്ടമായി മണ്ണിനടിയിലേക്ക് പറഞ്ഞയക്കപ്പെട്ടു.
ഇതെല്ലാറ്റിനും സാക്ഷി അവൻ മാത്രം.
നിസ്സഹായൻ.
* * * * * * * * * * * * * * * * * * * * * * * * *
പീള കെട്ടിയ കണ്ണുകൾ തിരുമ്മി തുറന്ന് അവൻ എണീറ്റിരുന്നു. ചുറ്റും ശവക്കൂമ്പാരങ്ങളുണ്ട്. കണ്ണു തുറിച്ചവ. കൈയ്യും കാലും ഇല്ലാത്തവ. അപരന്റെ രക്തം കുടിച്ചും ദാഹം മാറ്റാൻ വെമ്പിയവ. എല്ലാം അതേപടി. ചുവന്ന ആകാശത്ത് നക്ഷത്രങ്ങൾ മാഞ്ഞിരുന്നു. നിശബ്ദതയെ കീറി മുറിച്ച് ദൂരെ ഒരു വിമാനം ഉയർന്നു പറന്നു. സൈറണുകൾ മുഴങ്ങി. നിലവിളികൾ ഉയർന്നു. അവനു മാത്രം കേൾക്കാൻ കഴിയുന്നവ. അവരുടെ ശരീരങ്ങൾ വെന്തെരിയുകയായിരുന്നു. ഉരുകി വീഴുകയായിരുന്നു. ആ ചൂട് തന്നിലേക്കും പ്രവഹിക്കുന്നത് അവനറിഞ്ഞു. കണ്മുന്നിൽ ശവങ്ങൾ കോട്ട കെട്ടി. കാതുകളിൽ അട്ടഹാസങ്ങളും അലർച്ചകളും അലമുറകളും. നാവിനു മദ്യത്തിന്റെയും രക്തത്തിന്റെയും ചവർപ്പ്. കാറ്റിനു കടുത്ത ഗന്ധം. അവനു ശ്വാസം മുട്ടി. തനിക്കിതിൽ നിന്നു മോചനമില്ലെന്ന ചിന്തയിൽ അവൻ തന്റെ ചിരഞ്ജീവിത്വത്തെ ശപിച്ചു. ചുറ്റും കിടക്കുന്ന ശവങ്ങളിൽ ഒന്നായ് എല്ലാം മറന്നുറങ്ങാൻ അവൻ കൊതിച്ചു.
അഴുകുന്ന, പുകയുന്ന ലോകത്തിൽ നിന്നൊരു രക്ഷയ്ക്കായ് അവൻ കേണു,
"ദൈവമേ...."
എനിക്ക് മടുത്തിരിക്കുന്നു. തലമുറകളെ മുന്നോട്ട് നയിക്കുന്ന ചക്രം തിരിക്കുന്ന ഈ ജോലി എന്നിൽ നിന്നെടുത്ത് മാറ്റിയാലും. എനിക്ക് ശ്വാസം മുട്ടുന്നു. ഞാൻ അശക്തനാണു പ്രഭോ.. എനിക്കിതിൽനിന്നൊരു മോചനം തരൂ.."
ദീനത നിറഞ്ഞ ആ രോദനത്തിനൊടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ മുഖത്ത് പഴയ പുഞ്ചിരിയില്ല, ശോഭയില്ല.
"ദൈവമേ..", അവൻ കരഞ്ഞു, " എന്റെ മോചനം...."
നിസ്സഹായമായ ഒരു പുഞ്ചിരിയോടെ ദൈവം അവനോട് പറഞ്ഞു,
"മോചനമില്ല നിനക്ക്, കാലമേ.. ഇതു നിന്റെ വിധിയാണു...
എന്റെയും..".
No comments:
Post a Comment