പ്രജ്ഞ

പ്രജ്ഞ

Friday, September 23, 2016

ചിരഞ്ജീവി

സന്ധ്യ.

എരിയുന്നൊരുച്ചവെയിലിന്റെ ശക്തിപ്രകടനത്തിനു ശേഷം  രക്തവർണ്ണമാർന്ന ശോഭ ഒന്നൂടെ വിടർത്തിയും, ഭൂമിയുടെ കണ്ണാടിച്ചില്ലുകളായ സമുദ്രങ്ങളിൽ തന്റെ സൗന്ദര്യം നോക്കി പ്രൗഡി കാണിച്ചും സൂര്യൻ തിളങ്ങി നിന്ന ആ സന്ധ്യയിൽ, മരണത്തിന്റെ മണവും മരവിപ്പും ഇനിയും വിട്ടുമാറാത്ത ശവക്കൂമ്പാരങ്ങൾക്ക്‌ നടുവിൽ  അവൻ ഇരുന്നു. നെറ്റിയിൽ പൊടിഞ്ഞ്‌ കവിളിണകളിലേക്കൊഴുകിയ വേർപ്പുതുള്ളികളെ വടിച്ച്‌ കളയാൻ മിനക്കെടാതെ, അത്യാഗ്രഹത്തിന്റെയും ദുരഭിമാനത്തിന്റെയും സ്പർശ്ശത്താൽ പാപപങ്കിലമായ ആ മരണങ്ങൾക്ക്‌ ഒത്ത നടുവിൽ അവൻ ഇരുന്നു. പണ്ടെങ്ങോ ഇതുപോലൊരു സന്ധ്യയിൽ, പ്രണയവും ചിരിയും കളികളും നിറഞ്ഞൊരു കടൽത്തീരത്തിരുന്നപ്പോൾ തന്റെ ഉള്ളത്തിൽ തട്ടിത്തലോടിപ്പോയൊരു കാറ്റിനെ അപ്പോളവനോർമ്മ വന്നു. ഓർമ്മകൾക്ക്‌ മേൽ കരിഞ്ചായം തേക്കാൻ എന്ന പോലെ, ഇന്നിപ്പോൾ എപ്പോഴും ഒരു കാറ്റ്‌ അവനു ചുറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. ആ കാറ്റിനു കുളിർമ്മയില്ല. അത്‌ വഹിക്കുന്നത്‌ വസന്തത്തിന്റെ ഗന്ധവും കിളികളുടെയും കുട്ടികളുടെയും ഹർഷാരവങ്ങളുമല്ല. തിരയുടെ നേർത്ത സീൽക്കാരവും മായുന്ന വെയിലിന്റെ ആർദ്ദ്രമായ വിടചൊല്ലലുമല്ല. ഇന്നാ കാറ്റിൽ നിറഞ്ഞിരിക്കുന്നത്‌ വേറൊരു ഗന്ധമാണ്‌. ഇന്നാ കാറ്റിനു വേറൊരു ഭാവമാണ്‌. മടുപ്പിക്കുന്ന, വെറുപ്പിക്കുന്നൊരു കാറ്റ്‌. രക്ഷക്കായി കേണു പിടഞ്ഞ്‌, അതേ നിലയിൽ മരണത്തിലേക്ക്‌ വീണുടഞ്ഞ ഒരായിരം ആത്മാക്കളുടെ മൂകത തളം കെട്ടി നിന്ന ആ ശവക്കൂമ്പാരങ്ങൾക്ക്‌ നടുവിൽ, ആ നശിച്ച കാറ്റേറ്റ്‌ അവനിരുന്നു.

സന്ധ്യയും തീരാറായി. ആകാശത്ത്‌ നിന്നു ഇനിയും രക്തവർണ്ണം മാഞ്ഞിട്ടില്ല. അതൊരു പുതുമയായ്‌ അവനു തോന്നിയതുമില്ല. ഇന്നത്‌ പതിവാണ്‌. അസ്ഥിരമായ എന്തിനേയോ, നശ്വരമായ എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യകുലത്തിന്റെ പടയോട്ടങ്ങൾക്കൊടുവിൽ, ഭൂമിയിൽ സ്ഥിരമായ്‌ നിലനിൽക്കാൻ വിധിക്കപ്പെട്ട വളരേ ചുരുക്കം വസ്തുക്കളിൽ ഒന്നായിരുന്നു ആ ചുവപ്പുനിറം. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഏതോ ഒരു അണുബോംബ്‌ സ്ഫോടനത്തിൽ നിന്നോ, വിശപ്പ്‌ മാറ്റാനായി മനുഷ്യൻ കയ്യിൽ കിട്ടിയ എന്തിനെയും ചുട്ടെടുക്കുന്ന ഒരു നെരിപ്പോടിൽ നിന്നോ, കൊന്നു കൊതി തീരാത്ത ഏതോ ഒരധികാരിയുടെ ചുരുട്ടിന്റെ എരിയുന്ന തുമ്പിൽ നിന്നോ ആ രക്തവർണ്ണം പുകഞ്ഞുയർന്നുകൊണ്ടേയിരുന്നു. അതുയർന്ന് പറന്ന് ആകാശത്തിലെ മേഘങ്ങളോട്‌ ചേർന്നു നിന്നു. ശോഭ നശിച്ച ചന്ദ്രനും താരങ്ങൾക്കും ഇന്നതേ നിറമാണു. ഇടക്കിടെ മുഴങ്ങിക്കേൾക്കുന്ന പൊട്ടിത്തെറികൾക്കും വെള്ളിടികളും, പിന്നെ അവനു മാത്രം കേൾക്കാവുന്ന രോദനങ്ങളും, അട്ടഹാസങ്ങളും സീൽകാരങ്ങളും ശ്രവിച്ചുകൊണ്ട്‌ ആ ചുവന്ന പുകപ്പന്തലിനു താഴെ അവനിരുന്നു. വീണ്ടും ആ കാറ്റാഞ്ഞുവീശി. അവൻ മണം പിടിച്ചു. മുൻപേവിടേയോ ആ ഗന്ധം താൻ അനുഭവിച്ചത്‌ അവനോർക്കാൻ ശ്രമിച്ചു. സാധിച്ചില്ല. ഓർമ്മകളുടെ ചില്ലുജാലകങ്ങൾ കാറ്റിൽ വന്നാഞ്ഞടിച്ച്‌ തകർന്നു. മടുപ്പിക്കുന്നൊരു ഏകാന്തത നിറഞ്ഞ വാനിലേക്ക്‌ അവൻ മിഴികളുയർത്തി നോക്കി.

ചുവന്ന വാനിനെ ഒന്നുകൂടെ ശോഭിപ്പിച്ച്‌ ഒരു മിന്നൽ. കാതുകൾ കൊട്ടിയടക്കുന്ന മുഴക്കം. ചുവന്നാകാശം അവനു മുകളിൽ കറങ്ങി. അവൻ തളർന്നുവീണു.
* * * * * *  * * * * * * * * *  * * * * * *

ഓർമ്മകളാണവന്റെ ജീവിതം. അഥവാ അവൻ തന്നെ ആണു ഓർമ്മകൾ. ആ നശിച്ച കാറ്റ്‌ മുൻപും അവൻ അനുഭവിച്ചിട്ടുണ്ട്‌. ചുവന്ന ആാശത്തിനു കീഴെ, അളിഞ്ഞ ശവക്കൂമ്പാരങ്ങൾക്ക്‌ നടുവിൽ , അവ്യക്തമായ ജൽപനങ്ങൽ ശ്രവിച്ചുകൊണ്ട്‌ പാതി മറഞ്ഞ ബോധത്തിലും അവൻ ആ കാറ്റിനെ വീണ്ടും ഓർത്തു. യുഗങ്ങളായുള്ള ജീവിതചക്രത്തിൽ അവനെ ഭയപ്പെടുത്താനായി പലപ്പോഴായി ഓടിയെത്താറുള്ള ആ കാറ്റിനെ എളുപ്പം മറക്കാവതുമല്ല. ചിരഞ്ജീവിത്വം കൽപിച്ച്‌ കിട്ടിയ നാളുകളിൽ, ദൈവങ്ങളുടെ വാഴ്ച്ചക്കാലങ്ങളിൽ, വസന്തത്തിന്റെ മത്തും തലക്ക്‌ പിടിച്ച്‌ നടന്ന അന്നു മുതൽ, ജരാനരകൾ വന്നു തളർന്നിട്ടും മരിക്കാത്ത തന്റെ ജീവിതമെന്ന മഹാപ്രതിഭാസത്തിന്റെ ഇങ്ങേ കരയിലെത്തി ചിരഞ്ജീവിത്വത്തെ ശപിക്കുന്ന ഈ നിമിഷം വരെ പലതവണ ആ കാറ്റ്‌ അവനു മേൽ വീശിപ്പറന്നിട്ടുണ്ട്‌. പൊള്ളിച്ചിട്ടുണ്ട്‌.

താൻ ഏകനാണു. അവൻ ഓർത്തു.
ചുവന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത്‌ നോക്കി മലർന്നു കിടക്കവേ, ഓർമ്മകൾ വീണ്ടും തലയിൽ ഇരമ്പം കൂട്ടി.
  * * * * * * * * * * * * * * * * * * * * * * * * *

പണ്ടവൻ ശാന്തനായിരുന്നു. എന്നാൽ തന്റെ അധികാരത്താൽ മത്തു പിടിച്ചവനും. ഏഴു കടലുകൾക്കും പർവ്വതങ്ങൾക്കും മീതെ അവൻ പറന്നിട്ടുണ്ട്‌. മറ്റാരും കാണാത്ത സൗന്ദര്യങ്ങൾ അവൻ ദർശ്ശിച്ചിട്ടുണ്ട്‌. തന്നെ വെല്ലുവിളിച്ച ഒരുപാട്‌ പേർ വഴിയിൽ വീണൊടുങ്ങുന്നതും കണ്ടിട്ടുണ്ട്‌. സ്വയമേവ അറിയാത്ത ചെയ്തികൾക്ക്‌ ഒരുപാട്‌ പഴി കേൾക്കേണ്ടതായും വന്നിട്ടുണ്ട്‌. ഒരുപാട്‌ ജനങ്ങൾക്കും മരണങ്ങൾക്കും യുഗപ്പിറവികൾക്കും യുഗാന്ത്യങ്ങൾക്കും ഉദയങ്ങൾക്കും അസ്തമയങ്ങൾക്കും അവൻ സാക്ഷിയായിട്ടുണ്ട്‌. അവൻ കാണാത്ത ദേവതകളില്ല, അവതാരങ്ങളില്ല.
പണ്ടൊരിക്കൽ അയോദ്ധ്യയിൽ പുത്രദു:ഖത്താൽ ഒരു രാജാവ്‌ ഹൃദയം തകർന്ന് മരിക്കുന്നത്‌ അവൻ കണ്ടു. അതിന്നു പതിന്നാലു വർഷങ്ങൾക്ക്‌ ശേഷം, അതിഗംഭീരമായൊരു പട്ടാഭിഷേകം കണ്ട്‌ അവൻ പുളകം കൊണ്ടിട്ടുണ്ട്‌. ഏറെ വൈകാതെ, പതിവ്രതാരത്നമായ തന്റെ ഭാര്യയെ അഗ്നിയിലേക്ക്‌ പറഞ്ഞയച്ച ഒരു രാജാവിന്റെ ആദർശ്ശവും അവനവിടെ ദർശ്ശിച്ചു. കാതങ്ങൾ താണ്ടിയുള്ള അവന്റെ സഞ്ചാരത്തിനു അതിർത്തികൾ പ്രശ്നമായിരുന്നില്ല. പിന്നൊരുനാൾ, ദൈവപുത്രനെ കുറേപേർ ചേർന്ന് മരക്കുരിശിലേറ്റിയതും അവനു കാണേണ്ടി വന്നു. തിരുമുറിവിൽ നിന്നൊഴുകി താഴെ തളം കെട്ടിയ രക്തത്തിൽ അവൻ തന്റെ പ്രതിബിംബം കണ്ടു. മറ്റൊരിക്കൽ, പ്രവാചകന്റെ ഗുഹയിൽ പരമകാരുണ്യവാനായ അത്ഭുതതേജസ്സിനേയും അവനു കാണാൻ സാധിച്ചിട്ടുണ്ട്‌.
ഇപ്രകാരം യുഗങ്ങളുടെ രക്ഷകരായ അവതാരങ്ങളുടെ വരമായ സമാധാനമെന്ന മുന്തിരിവീഞ്ഞ്‌ മോന്തി മദോന്മത്തനായി അവൻ നടന്നു. മദം അവനെ മാറ്റിയെടുത്തു. ആ മാറ്റം സർവ്വചരാചരങ്ങിളിലേക്കും പടർന്നു. അവന്റെ കണ്മുന്നിൽ ജീവജാലങ്ങൾ പരസ്പരം പോരടിച്ചു. ചോരയുടെ ഗന്ധം നിറഞ്ഞ കാറ്റ്‌ ശക്തിയായി വീശിത്തുടങ്ങി. അവന്റെ സഞ്ചാരം തുടർന്നുകൊണ്ടേയിരുന്നു.

ഒരിക്കൽ സഞ്ചാരമദ്ധ്യേ, തകർന്ന ഒരു നഗരം അവൻ കണ്ടു. അവിടെ തീ ആളുന്നുണ്ടായിരുന്നു. പുക പറന്നുപൊന്തി കാറ്റിൽ അലിയുന്നുണ്ടായിരുന്നു. സർവ്വവും നഷ്ടപെട്ട മനുഷ്യർ വീണു കേഴുന്നുണ്ടായിരുന്നു. അതിനിടയിൽ അവൻ അവരെ കണ്ടു. തീ ആളുന്നൊരു വീടിനകത്ത്‌ ചോര വാർന്നൊരമ്മയും കുഞ്ഞും. അമ്മയ്ക്കു നടക്കാൻ കഴിഞ്ഞിരുന്നില്ല. അവരുടെ കാലുകൾക്ക്‌ എന്തോ പറ്റിയിരിക്കണം. തന്റെ കുഞ്ഞിനെ ഒന്നു രക്ഷിക്കാൻ അവർ അലമുറയിട്ടെങ്കിലും ആരും തിരിഞ്ഞ്‌ നോക്കിയില്ല. ചിലർ താന്താങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണങ്ങളിൽ തകർന്നിരിക്കുകയായിരുന്നു. ചിലർ ഇനിയും നശിക്കാത്ത വീട്ടുസാമഗ്രികൾ ചേർത്തെടുക്കുന്ന തിരക്കിൽ. മറ്റു ചിലർ മോഷ്ടിക്കുന്നു. ദൂരെ ഉയരമേറിയ ഒരു കെട്ടിടത്തിൽ ഒരാൾ തന്റെ അന്നത്തെ ലാഭ-നഷ്ടങ്ങളുടെ കണക്ക്‌ കൂട്ടുന്നുണ്ടായിരുന്നു. ആരും തന്നെ തീയാളുന്ന ആ വീട്ടിൽ നിന്നു ആ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചില്ല. എല്ലാം കണ്ട്‌ ഉള്ളം വിങ്ങിയപ്പോൾ, കനപ്പെട്ട കാലടികളോടെ അവൻ ആ വീടിനു നേരെ നടന്നു. കുഞ്ഞിനെ തീയേൽക്കാതെ പറ്റുന്നത്ര ഉയരത്തിൽ ഉയർത്തി പിടിച്ചിരിക്കുകയാണു ആ അമ്മ. അമ്മയുടെ കാലിൽ തീയാളുന്ന ഒരു വലിയ മരപ്പെട്ടി വീണുകിടക്കുന്നു. അവരുടെ നിലവിളി അവന്റെ കാതുകളെ തുളച്ചു. ആ പിഞ്ചുകുഞ്ഞിനെ ഏറ്റുവാങ്ങി പുറത്തേക്കോടി രക്ഷപ്പെടാൻ അവൻ മനസ്സാ തീരുമാനിച്ചതും, കത്തിയമർന്ന വീടിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ അവർക്ക്‌ മേൽ വീണതും ഒന്നിച്ചായിരുന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു നിമിഷം. കണ്ണു തുറന്നപ്പോൾ മുന്നിൽ കത്തിക്കരിഞ്ഞ രണ്ട്‌ ശരീരങ്ങൾ. കുഞ്ഞിന്റെ കൈകൾ അപ്പോഴും അവനു നേരെ നീണ്ടിരുന്നു.
അവൻ അലറിക്കരഞ്ഞു. തന്റെ അസ്ഥിത്വം എന്ന പ്രഹസനമോർത്ത്‌ അവൻ സ്വയം വെറുത്തു. ദു:ഖത്തിന്റെ പൊള്ളൽപ്പാടുകൾ വീണ കൈകൾ വീശി അവൻ ആ കലാപഭൂമിയിൽ അലഞ്ഞ്‌ നടന്നു. ചുറ്റുന്നും നിലവിളികൾ കേൾക്കായിരുന്നു.

ചോരയും മൃത്യുവും നിത്യക്കാഴ്ച്ചകളായി. കാറ്റിന്റെ ഗന്ധം കടുത്തു വന്നു. ഒരിക്കൽ ആരോ സ്വന്തം സഹോദരനെ ഒരൽപ്പം പണത്തിനു വേണ്ടി കത്തിമുനയിൽ കോർത്തു കുടഞ്ഞപ്പോൾ സാക്ഷിയായ്‌ നിന്ന അവന്റെ മുഖത്തും ചോര തെറിച്ചു. പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം അവനാണെന്ന് ജനം വിധിയെഴുതി. സ്വയം തകർത്ത ജീവിതങ്ങളുടെ ഉത്തരവാദിത്ത്വം അവർ അവനുമേൽ കെട്ടിവച്ചു. അവന്റെ ജരാനരകൾ വർദ്ധിച്ചു വന്നു.
പിന്നീടൊരിക്കൽ, രാത്രി ഒറ്റക്കായി അലഞ്ഞ ഒരു പെൺകുട്ടിയെ അവൻ കണ്ടു. മനസ്സിൽ ആധി കയറും മുന്നേ ഒരു മാന്യൻ അവൾക്ക്‌ അയാളുടെ വീട്ടിൽ ആഥിത്യവും സംരക്ഷണവും ഏകിയത്‌ കണ്ട്‌ അവന്റെ മനസ്സ്‌ ഒന്നു കുളിർത്തു. നശിച്ച കാറ്റ്‌ തെല്ലൊന്നടങ്ങിയതായ്‌ അവനു തോന്നി. പിറ്റേന്ന്, അവളുടെ ചിന്നി ചിതറിയ ശരീരം ഒരു മലയടിവാരത്ത്‌ കണ്ട നിമിഷം അവൻ തളർന്നുവീണു.  പുഴുത്ത മണമുള്ള കാറ്റ്‌ അവനെ ചുറ്റിയെടുത്തെറിഞ്ഞു. കണ്ണു തുറന്നപ്പോൾ ആകാശൻ കൂടുതൽ ചുവന്നതായി അവനു തോന്നി.
കാറ്റിനു കടുപ്പം ഏറിയതായും.

യുഗങ്ങളുടെ അനുഭവജ്ഞാനം അവനപ്പോളൊരറിവ്‌ സമ്മാനിച്ചു. ഓരോ മകനും തന്റെ അമ്മയെ തള്ളിപ്പറയുമ്പോഴും, തമ്മിൽ പൊരുതി ഭൂമിയിൽ ഓരോ കൂടപ്പിറപ്പിന്റെ രക്തം വീഴുമ്പോഴും, ഓരോ സ്ത്രീ ശരീരത്തിനും വില പേശപ്പെടുമ്പോഴും, സൈനികശക്തികൾ ഓരോ പുതിയ ആയുധങ്ങൾ ആവനാഴിയിൽ ചേർക്കുമ്പോഴും ആകാശം കൂടുതൽ ചുവന്നു വന്നു. കാറ്റ്‌ കടുത്തു വന്നു. കാടുണങ്ങി വന്നു. ചൂടേറി വന്നു. തിരകൾ തീരം വിഴുങ്ങി. പട്ടിണിക്കോലങ്ങൾ കൂട്ടമായി മണ്ണിനടിയിലേക്ക്‌ പറഞ്ഞയക്കപ്പെട്ടു.
ഇതെല്ലാറ്റിനും സാക്ഷി അവൻ മാത്രം.
നിസ്സഹായൻ.
* * * * * * * * * * * * * * * * * * * * * * * * *

പീള കെട്ടിയ കണ്ണുകൾ തിരുമ്മി തുറന്ന് അവൻ എണീറ്റിരുന്നു. ചുറ്റും ശവക്കൂമ്പാരങ്ങളുണ്ട്‌. കണ്ണു തുറിച്ചവ. കൈയ്യും കാലും ഇല്ലാത്തവ. അപരന്റെ രക്തം കുടിച്ചും ദാഹം മാറ്റാൻ വെമ്പിയവ. എല്ലാം അതേപടി. ചുവന്ന ആകാശത്ത്‌ നക്ഷത്രങ്ങൾ മാഞ്ഞിരുന്നു. നിശബ്ദതയെ കീറി മുറിച്ച്‌ ദൂരെ ഒരു വിമാനം ഉയർന്നു പറന്നു. സൈറണുകൾ മുഴങ്ങി.  നിലവിളികൾ ഉയർന്നു. അവനു മാത്രം കേൾക്കാൻ കഴിയുന്നവ. അവരുടെ ശരീരങ്ങൾ വെന്തെരിയുകയായിരുന്നു. ഉരുകി വീഴുകയായിരുന്നു. ആ ചൂട്‌ തന്നിലേക്കും പ്രവഹിക്കുന്നത്‌ അവനറിഞ്ഞു. കണ്മുന്നിൽ ശവങ്ങൾ കോട്ട കെട്ടി. കാതുകളിൽ അട്ടഹാസങ്ങളും അലർച്ചകളും അലമുറകളും. നാവിനു മദ്യത്തിന്റെയും രക്തത്തിന്റെയും ചവർപ്പ്‌. കാറ്റിനു കടുത്ത ഗന്ധം. അവനു ശ്വാസം മുട്ടി. തനിക്കിതിൽ നിന്നു മോചനമില്ലെന്ന ചിന്തയിൽ അവൻ തന്റെ ചിരഞ്ജീവിത്വത്തെ ശപിച്ചു. ചുറ്റും കിടക്കുന്ന ശവങ്ങളിൽ ഒന്നായ്‌ എല്ലാം മറന്നുറങ്ങാൻ അവൻ കൊതിച്ചു.
അഴുകുന്ന, പുകയുന്ന ലോകത്തിൽ നിന്നൊരു രക്ഷയ്ക്കായ്‌ അവൻ കേണു,
"ദൈവമേ...."
എനിക്ക്‌ മടുത്തിരിക്കുന്നു. തലമുറകളെ മുന്നോട്ട്‌ നയിക്കുന്ന ചക്രം തിരിക്കുന്ന ഈ ജോലി എന്നിൽ നിന്നെടുത്ത്‌ മാറ്റിയാലും. എനിക്ക്‌ ശ്വാസം മുട്ടുന്നു. ഞാൻ അശക്തനാണു പ്രഭോ.. എനിക്കിതിൽനിന്നൊരു മോചനം തരൂ.."
ദീനത നിറഞ്ഞ ആ രോദനത്തിനൊടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ മുഖത്ത്‌ പഴയ പുഞ്ചിരിയില്ല, ശോഭയില്ല.
"ദൈവമേ..", അവൻ കരഞ്ഞു, " എന്റെ മോചനം...."
നിസ്സഹായമായ ഒരു പുഞ്ചിരിയോടെ ദൈവം അവനോട്‌ പറഞ്ഞു,
"മോചനമില്ല നിനക്ക്‌, കാലമേ.. ഇതു നിന്റെ വിധിയാണു...
എന്റെയും..".

Thursday, September 22, 2016

A Note on Saumya Rape & Murder case SC Verdict

We all know how the basic procedures in our court rooms work out. If someone is accused for a crime, the prime, if not the only thing that matters is, be it circumstantial or not, the evidence. So the whole system of policing and prosecution revolves this one thing when dealing with a criminal case in the court. To find evidence, to make it presentable and to present it without faults and loopholes. Since our judiciary and Constitution gives a higher priority to saving the innocent than punishing the accused criminals, it is very much necessary to bring up and present the evidences in the best possible way so as to avoid the criminals exploiting the situational lack of circumstantial evidences and common witness issues. 

So who is to blame for the failure of Saumya Rape and Murder case?? 

Heard a lot of people accusing the Court for relieving Govindachami from severe punishments. Although the Judge has the supreme authority in making a verdict on a case, even he is bound to act and judge under the framework of the penalty codes and Constitution of the country. And of course, the humane sentiments are not actually cared in the court rooms over physical, situational and scientific evidences. One cannot blame the Judiciary for this failure that had happened today, (or have been happening till day 1 of this case). 

When one tries to study what went wrong here, the prime suspects for this failure would be the Government as well as the lawyers whom they gave charge of the case. Prosecution has utterly failed beyond words to establish the facts and evidences that proves the role of the accused in the rape and murder of the poor young lady who met the saddest demise.

But what makes me wonder is that, an organisation, whatever it's motto be, stood up and funded for this criminal, in the name of - Humanity and human rights!! As if the murder victim had none!! Questions arise from different corners of the society about this suspicious organisation and its whereabouts, but more importantly, why they took this case to show off their monetary status as well as authority, tactics and principles. One cannot get to be served by a top-tier criminal advocate without pouring away lakhs of currency and You, seriously want to believe that this organisation and the accused, who is found out to be a beggar on the roads, could pay this massive amount of lawyer's fee without any help or backdoor funding? 

B.A Aloor has done his job. Pretty well, decent. For a lawyer, his client is innocent as a baby until the court pronounces him otherwise. Can't blame him on professional ethics. 
And the government? Two governments had ruled the state and handled the case during their respective periods of reign and one cannot point out any kind of special activity that they had done to keep the criminal behind the bars, other than the usual routine steps. The responsibility ends there. Humanity, unfortunately required a little more of effort though.

End of the day, the accused is punished for a shorter span of prison life than expected. Sadly in our hearts, we all wanted to hear the words death sentence in the verdict, not because we are heartless creatures who want to see a fellow human being hung to death, but because we have a heart, and it has it's fair share of sorrow in it for seeing the motionless, lifeless body of our unlucky sister.        
Ending Note : Yes we have failed to guarantee the criminal the capital punishment he deserved, but we can still carry out whatever that is necessary and what is needed to be done to find out what actually happened in this incident. The Organisation that helped Govindachami should be investigated, and the flow and source of funds are to be found out. And most importantly, we are all anxious to know if that cripple actually killed her, or is he being just a blindfold on our eyes to hide the actual culprit.

കാക്കക്കഥ

വളരേ പണ്ട്‌ ഉണ്ടായ സംഭവം ആണു.. എന്റെ കുഞ്ഞിലേ... ഒരു ദിവസം..
അമ്മ മുറ്റത്ത്‌ ഗോതംബ്‌ ഉണക്കാൻ ഇട്ടിരുന്നു. അത്‌ കൊത്തി തിന്നാൻ കാക്കകളും ചുറ്റും പറന്നു നടന്നിരുന്നു. കാവലിനു അമ്മ ഏൽപ്പിച്ചത്‌ അന്നു 5-6 വയസ്സ്‌ പ്രായമുള്ള എന്നെ! ചെറുപ്പത്തിലേ അപാര ഉന്നം ആയിരുന്നത്‌ കൊണ്ട്‌ എറിഞ്ഞ കല്ലുകളൊന്നും കാക്കകൾക്കു കൊണ്ടില്ല ന്നു മാത്രമല്ല, കിട്ടിയ ചാൻസിനൊക്കെ അവറ്റകൾ വന്നു ഉണക്കാനിട്ട ഗോതംബ്‌ കൊത്തി തിന്നുകയും ചെയ്തു. കാക്കക്കൂട്ടത്തെ ഓടിക്കാനുള്ള എന്റെ വിഫലശ്രമങ്ങൾക്കും അമ്മയുടെ കയ്യിൽ നിന്നു കേൾക്കാൻ എല്ലാ സാധ്യതയുമുള്ള വഴക്കിനും ഇടക്ക്‌ അന്നു സൂപ്പർഹീറോ പോലെ അമ്മൂമ്മ പെട്ടെന്നു കേറി വന്നു. പുള്ളിക്കാരി നൈസായിട്ടു എവിടെ നിന്നോ ഒരു മരക്കഷണവും അതിന്റെ അറ്റത്തു പണ്ടു ചത്തു മലച്ച ഏതോ ഒരു കാക്കയുടെ എല്ലും തോലും തൂവലും ചേർത്തു വച്ച്‌ കെട്ടിക്കൊണ്ടാണു വന്നത്‌. എന്നിട്ടു ഉണക്കാനിട്ട ഗോതംബിനും കാക്കക്കൂട്ടത്തിനും മദ്ധ്യേ മണ്ണിൽ കുത്തി നിർത്തി.
അത്ഭുതമെന്നു പറയട്ടെ, അൽപനേരം മരക്കൊംബുകളിലും മണ്ണിലും പോസ്റ്റായി ഇരുന്ന ശേഷം കാക്കകൾ ഗോതംബിനു അടുത്ത്‌ വരാതെ ഒതുങ്ങി മാറി പറന്നു പോയി.
കാഴ്ച്ച കണ്ട്‌ കിളി പോയി നിന്ന ഞാൻ അമ്മൂമ്മയോടു അതിന്റെ സീക്രട്ട്‌ ചോദിച്ചു.
അമ്മൂമ്മ പറഞ്ഞു, "ഇമ്മാതിരി വേണ്ടാതീനം കാണിച്ചാൽ ആ ചത്ത കാക്കേടെ അനുഭവം ഉണ്ടാവും ന്നു കാണിക്കാൻ ആണു ആ ഡെഡ്ബോഡി കോലിന്മേൽ കുത്തി നിർത്തി കാക്കകളെ കാണിച്ചത്‌. ഒരു വിധം വിവരം ഉള്ള കാക്കകൾ ഒക്കെ അത്‌ കണ്ടു സിറ്റ്വേഷൻ മനസ്സിലാക്കി രക്ഷപ്പെട്ടോളും"

                 സംഭവം സൈക്കളോജിക്കൽ മൂവ്‌ ആണു. അതായത്‌ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്ത കൂട്ടത്തിലൊരുത്തനു അതിനു പ്രതിഫലമായി കിട്ടിയ ശിക്ഷ കാണിച്ച്‌ പേടിപ്പിച്ച്‌ ഒരു സമൂഹത്തെ മുഴുവൻ ആ തെറ്റിൽ നിന്നു പിന്തിരിപ്പിക്കുക. കാക്കകളുടെ കാര്യത്തിൽ കോമൺ സെൻസോ അതോ ജന്മനാ ലഭിച്ച പ്രതികരണ-പ്രതിരോധ-ചിന്താ ശേഷിയൊ എന്നറിയില്ല, എന്തായാലും അവർക്ക്‌ കാര്യം മനസ്സിലായി.

ഇവിടെ കാക്കകൾക്കു ഗോതംബിനെ ഉപേക്ഷിക്കാനുള്ള പ്രേരണ ആയത്‌ ഭയം ആണു.. സിമിലർ മിസ്റ്റേക്‌ ചെയ്ത കൂട്ടുകാരനു ലഭിച്ച ശിക്ഷ ഓർത്തുള്ള ഭയം. ആ ഭയത്തിന്റെ പേരിൽ ആണു കാക്കക്കൂട്ടം വഴി മാറി പോയത്‌. അല്ലാതെ വീട്ടുകാർ ഉണക്കാനിട്ട ഗോതംബ്‌ ചുമ്മാ അങ്ങു കൊത്തി തിന്നു തീർക്കരുത്‌ എന്ന സന്മാർഗ്ഗ ചിന്ത ഉണ്ടായിട്ടല്ല! അതായത്‌, അമ്മൂമ്മ വന്നു ആ കോലും കാക്കയുടെ ശവവും എടുത്ത മാറ്റി, കണ്ണൊന്നു തെറ്റുന്ന നിമിഷം അവർ പറന്നെത്തും. ഗോതംബ്‌ കൊത്തി തിന്നും.

ഈ അടുത്ത്‌ വർദ്ധിച്ച്‌ വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരേ പലരും നടത്തിയ പ്രസ്താവനകൾ കേട്ടപ്പോൾ ഈ സംഭവം ഓർമ്മ വന്നു. "ലൈംഗിക പീഡനങ്ങൾക്കു വധശിക്ഷ തന്നെ നൽകണം, ആ ഭയം കൊണ്ടു ആളുകൾ ബലാൽസംഗത്തിൽ നിന്നു പിന്തിരിയട്ടെ" എന്നായിരുന്നു ഭൂരിപക്ഷം പ്രസ്താവനകളുടെയും സത്ത.
സത്യത്തിൽ ചോദ്യം ഇതാണു.. സ്വന്തം മകളെ, പെങ്ങളെ, അമ്മയെ, അടുത്ത വീട്ടിലെ ചേച്ചിയെ, തുണയറ്റ ജീവിതങ്ങളെ ഒക്കെ ഒരു ലൈംഗിക ഉപകരണമായി കണ്ട്‌ ഭോഗിക്കാതിരിക്കാനുള്ള കാരണം നിയമത്തോടും ശിക്ഷയോടും ഉള്ള ഭയം മാത്രം കൊണ്ടാണു എന്നു ഒരു പുരുഷന്റെ മനസ്സിൽ ചിന്ത കടന്നു കൂടുന്ന അവസ്ഥ! സത്യത്തിൽ ആ അവസ്ഥ മേൽപറഞ്ഞ കാക്കക്കൂട്ടത്തിനു തുല്യമല്ലേ? ഭയം വഴി മാറുന്ന നിമിഷത്തിൽ ഗോതംബുകതിരുകൾ കൊത്തിത്തിന്നാൻ കാക്കകൾ വരുന്ന പോലെ, ഇരുളിന്റെ മറവിലും സുരക്ഷിതത്ത്വത്തിലും സ്ത്രീയെ കടന്നാക്രമിക്കാൻ പുരുഷനെ പഠിപ്പിക്കുന്നതല്ലേ ആ അവസ്ഥ!
ഭയം കൊണ്ടല്ല ഒരുവൻ അത്തരമൊരു കർമ്മത്തിൽ നിന്നു പിന്തിരിയേണ്ടത്‌. മറിച്ച്‌ മാറേണ്ടത്‌ മനോഭാവമാണു... ഒരു അവസരത്തിലും നിനക്ക്‌ ആഗ്രഹ-കാമ പൂർത്തീകരണത്തിനുള്ളതല്ല സ്ത്രീ എന്ന തിരിച്ചറിവും,  ഇരുളിലോ വെളിച്ചത്തിലോ ഒറ്റക്കു കിട്ടുന്ന സ്ത്രീ ഒരു അവസരമല്ലെന്നും തന്റെ ഉത്തരവാദിത്തമാണെന്നുമുള്ള മനോഭാവവും അവൾ തന്റെ അമ്മയും സഹോദരിയും ആണെന്നുള്ള ബോധവും എല്ലാറ്റിനുമുപരി, അവളുടെ ശരീരത്തിനെ തനിക്ക്‌ തന്റെ കാമതൃഷ്ണകളുടെ കലാപഭൂമിയാക്കാൻ യാതൊരു അവകാശവുമില്ല എന്ന അറിവും ആണു സമൂഹത്തിൽ വേണ്ടത്‌!

അവൾ

"എനിക്കവനെ അവസാനായി ഒന്നൂടെ കാണണം", പൊളിഞ്ഞിളകി തുടങ്ങിയ ചുവരുകൾക്കുള്ളിൽ, അടച്ചു സാക്ഷയിട്ട വാതിലിന്റെ നേർത്ത സുരക്ഷിതത്ത്വത്തിൽ നിറം മങ്ങി തുടങ്ങിയ ടിവി സ്ക്രീനിൽ അവന്റെ മുഖം തെളിഞ്ഞപ്പോൾ അവർ പറഞ്ഞു. പുറത്ത്‌ ആരുടെയൊക്കെയോ ആക്രോശങ്ങൾ കേൾക്കായിരുന്നു. നരച്ച ജീവിതങ്ങൾ തിങ്ങി പാർത്ത ഇടുങ്ങിയ തെരുവോരത്തൂടെ നടന്നു നീങ്ങിയ ജന്മങ്ങൾ ആ വീടിനെ ശപിച്ചു. വീട്ടുകാരെ ശപിച്ചു. പഴയ ചില പരിചയക്കാർ സഹതാപത്തോടെയും അൽപം വെറുപ്പോടെയും നോക്കി. ഉള്ളിൽ രണ്ട്‌ ജന്മങ്ങൾ പരസ്പരം പുണർന്നും കരഞ്ഞും സമയം കളഞ്ഞു. ദിവസങ്ങളായി ആരും 
കയറാതെ കിടന്ന അടുക്കളയിൽ നിന്നു പുളിച്ച ഭക്ഷണത്തിന്റെ ഗന്ധവും, വീടിന്റെ പിന്നിൽ നിന്നു കാനയിലെ ദുഷിച്ച ഗന്ധവും ചേർന്നു മുറികൾക്കുള്ളിൽ നിറഞ്ഞു നിന്നു. എന്നാൽ ഇതൊന്നും തന്നെ ആ വൃദ്ധ ദംബതികളെ ബാധിച്ചതേയില്ല. അവർക്ക്‌ കാണാൻ അവരുടെ മകന്റെ ചിത്രം ഇടക്കിടെ ടിവി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്നു. അതിനിടക്ക്‌ അവളുടെ മുഖം വരുംബോൾ ഒക്കെ ഒരു നേർത്ത തേങ്ങൽ എവിടെയൊക്കെയോ ഉയർന്നിരുന്നു. 
" അവർ അവനെ കൊല്ലുന്നതിനു മുന്നേ എനിക്കവനെ കാണണം.....", വൃദ്ധ തേങ്ങി.

കോടതിക്കു പുറത്ത്‌ ജനസാഗരമായിരുന്നു. അവളുടെ മുഖം ഓരോ ചുവരിലും മതിലിലും നിറഞ്ഞു നിന്നിരുന്നു. അവൾക്കു വേണ്ടി കണ്ണീരൊഴുക്കിയവരും അവന്റെ തലക്കു വേണ്ടി സമരം ചെയ്തവരും കോടതിമുറ്റത്ത്‌ തിങ്ങിക്കൂടിയിരുന്നു. അവൾക്ക്‌ വേണ്ടി സോഷ്യൽ മീഡിയകളിൽ വാദിച്ചവർ വീട്ടിലെ വലിയ സ്ക്രീനുകളിൽ സംഭവങ്ങൾ തത്സമയം കണ്ടുകൊണ്ടിരുന്നു. കാമറ ഫ്ലാഷുകൾ മിന്നി മറഞ്ഞതിനിടെ അവന്റെ കൈ പിടിച്ച്‌ കാക്കികുപ്പായക്കാർ നീതിപീഠത്തിന്റെ വാതിൽ തുറന്നു പുറത്ത്‌ വന്നു. കുപ്പികളും ചെരിപ്പുകളും പറന്നു വന്നു. തല മറച്ചിരുന്ന ചെറിയ കറുത്ത തുണി കാറ്റിൽ പറന്നു വീണു. സദാചാരക്കാരും പുരോഗമനക്കാരും ഒന്നിച്ച്‌ മുദ്രാവാക്യം വിളിച്ചു. സദാചാരക്കാർ സമൂഹത്തിന്റെ അധ:പതനത്തിനെ തെറി വിളിച്ചു. പുരോഗമനക്കാർ പഴമ സമൂഹത്തിൽ വിസർജ്ജിച്ചു പോയ സെക്ഷ്വൽ അനാർക്കിയേയും തെറി വിളിച്ചു. ഇതിനിടെ ചെറിയ ഒച്ചയിൽ ഒരു കൂട്ടം സ്ത്രീപക്ഷക്കാർ പുരുഷ മേധാവിത്തത്തിനെയും 
തെറി വിളിച്ചു. 

"എനിക്കവനെ ഒന്നു കാണണം.. ഒന്നടുത്ത്‌ കാണണം...", വൃദ്ധ കാക്കിക്കുപ്പായക്കാരനോടു തേങ്ങി പറഞ്ഞു.

" അമ്മയാ...", 
വൃദ്ധൻ കാക്കിയോടു മെല്ലെ പറഞ്ഞു. ശബ്ദം കേഴുകയായിരുന്നു. കണ്ണുകൾ മങ്ങി, കണ്ണീർ കാഴ്ച്ച മറച്ചിരുന്നു. 
"ഒന്നു കൊണ്ടോയി കാണിച്ച്‌ കൊടുക്കോ?"

കാക്കിക്കാരൻ വൃദ്ധയുടെ കൈ പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു. തിരിച്ചറിഞ്ഞ വളരേ കുറച്ച്‌ പേർ അവരെ നിന്ദയോടെയും, വെറുപ്പോടെയും, ചിലർ സഹതാപത്തോടെയും നോക്കി. അടക്കി പിടിച്ച സംസാരങ്ങൾ എന്നാൽ അവർ കേട്ടില്ല.
ചുറ്റും കൂടി നിന്ന അപരിചിതരുടെ മുഖങ്ങൾ അവർ കണ്ടില്ല. മകനായി കൊടുക്കാൻ കൊണ്ടുവന്ന ഒരു കൊച്ചു സഞ്ചി കൈയ്യിൽ ചേർത്തു പിടിച്ച്‌ അവർ കാക്കിയുടെ കൂടെ നടന്നു. 

"അമ്മേ..", മുന്നിൽ പാതി മുഖം മറച്ച മകൻ. കാണാവുന്നിടത്തെല്ലാം നീരും നീലച്ച പാടുകളും. 
കുഞ്ഞിലേ വീണു തൊലി പൊട്ടിയപ്പോൾ പച്ചമരുന്ന് തേച്ച്‌ മുറിവ്‌ മായ്ച്ച മുഖത്ത്‌ കരിനീല പാടുകൾ..

" അമ്മേ..."
"മോനേ.."
"അമ്മേ....."
"നീ അവളെ കൊന്നല്ലോ മോനേ..."
"അമ്മേ..., എന്നെ വെറുക്കരുതേ...."
"ഇല്ല പൊന്നു മോനേ... നിന്നെ ഞാൻ എന്നും സ്നേഹിക്കും..."
"അമ്മേ...."
ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നത്‌ അവൻ അറിഞ്ഞു. പൊലീസ്‌ വാങ്ങിച്ചണിയിച്ച ഷർട്ടിൽ നനവ്‌ പടരുന്നു. കണ്ണീരും ചോരയും താഴേക്കൊഴുകുന്നു. 
"അമ്മേ..."

ആൾക്കൂട്ടത്തിന്റെ  ബഹളം ഏറിയപ്പോൾ, കാക്കിക്കാർ തലങ്ങും വിലങ്ങും ഓടിയപ്പോൾ, തലക്കു മീതെ സൂര്യൻ കത്തി നിന്നു നെറ്റിയിലൂടെ വിയർപ്പും കഴുത്തിലൂടെ ചോരയും ഒഴുകിയപ്പോൾ, അവന്റെ മുന്നിൽ അമ്മ കയ്യിൽ ഒരു കൊച്ചു വെട്ടുകത്തിയുമായി നിന്നു.

"നീ അവളെ കൊന്നല്ലോ മോനേ... 
ഇതിൽ കൂടുതൽ ഞാൻ നിന്നെ എങ്ങനെ സ്നേഹിക്കും എന്റെ മോനേ...."

കാക്കിക്കാരുടെ കൈകളിൽ തളർന്നു വീഴുംബോൾ, അമ്മ ഒരു മായ പോലെ മറയുംബോൾ, പാതി മങ്ങിയ അവന്റെ കണ്ണുകൾ ഒരു ചുമരിലെ ചിത്രത്തിൽ തങ്ങി നിന്നു.
അവളുടെ മുഖം.
അവൾ മന്ദഹസിചുവോ?

ചിത

             "കാറ്റൊന്നാഞ്ഞു വീശിയാൽ എളുപ്പം കത്തിത്തീർന്നേനേ..",  നരച്ച മുടിയിഴകൾ നെറ്റിയിൽ നിന്നു വേർപ്പോടെ വടിച്ചെടുത്ത്‌ മുകളിലേക്കു വകഞ്ഞൊതുക്കി രാമുമ്മാൻ കത്തുന്ന ചിതയിലേക്ക്‌ നോക്കി നിന്നു കൊണ്ട്‌ പറഞ്ഞു. ചിതക്കും ചിതക്കും മേലേ കെട്ടിയ തകര ഷീറ്റിനും മേലേ മാനം കറുത്തിരുണ്ട്‌ നിന്നു. വീടിനുള്ളിൽ നിന്നുള്ള തേങ്ങലുകൾ ഒന്നൊടുങ്ങി. മുറ്റത്ത്‌ കെട്ടിയ ചെറിയ നീല ടാർപ്പോളിൻ പന്തലിനു താഴെ ആളുകൾ വട്ടം കൂടി നിന്നു. ചിലർ ചിതയിലേക്കും ചുവരിലെ രണ്ട്‌ ചിത്രങ്ങളിലേക്കും ഒന്നു കൂടെ നോക്കി മെല്ലെ പന്തൽ വിട്ടു മുന്നിലെ മൺ വഴിയിലേക്കിറങ്ങി നടന്നു. അടുക്കളയിൽ അയലത്തെ വേലക്കാരി വന്നു അടിച്ച്‌ വാരി കഴുകി തുടച്ച്‌, മുഷിഞ്ഞ തുണികൾ വാരിക്കൂട്ടി ഒരു കൊച്ചു ഭാണ്ഡം കെട്ടി ഒതുക്കി മാറ്റി വച്ചു. മുറികളിൽ കൂട്ടം കൂടി, കലങ്ങിയ കണ്ണുകൾ തുടച്ച്‌ പെണ്ണുങ്ങൾ ജനാലക്കുള്ളിലൂടെ മാനം നോക്കി ഇരുന്നു. മഴക്കാറിനുള്ള്‌ിലൂടെ മിന്നൽ പാഞ്ഞു. ചിത കെടുന്ന വരെ മഴ പെയ്യല്ലേ എന്നു എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു. പ്രാർത്ഥനകളും, കുശുകുശുപ്പുകളും, അടക്കിപ്പറഞ്ഞ പരദൂഷണങ്ങളും രഹസ്യങ്ങളും ഇരുളിലാണ്ട ആ വീടിനെ നേർത്ത തോതിലെങ്കിലും ശബ്ദമയമാക്കി. വിസിറ്റിംഗ്‌ റൂമിൽ നിന്നു അപ്പോഴും ചന്ദനത്തിരിയുടെ പുകയും മണവും ഉയർന്നിരുന്നു. എല്ലാറ്റിനും നടുക്ക്‌, ആരോടും മിണ്ടാതെ അയാൾ ഇരുന്നു.

ഇടക്കാരോ വന്നു ചുമലിൽ കൈ ചേർത്ത്‌ ചോദിച്ചിരുന്നു, "ഇങ്ങനെ ഇരിക്കാതെ കുളിച്ച്‌ വന്നു എന്തെങ്കിലും കഴിക്കു.." ചുമലിലെ കൈ തട്ടി മാറ്റാനാണു ആദ്യം തോന്നിയതെങ്കിലും, ആ സ്പർശ്ശം തന്ന സമാധാനവും സുരക്ഷിതത്ത്വവും, താൽകാലികമായെങ്കിലും അയാൾക്ക്‌ ഏകാന്തതയിൽ നിന്നു മോചനം നേടിക്കൊടിത്തു. ആരുടെയെന്നു നോക്കാതെ തന്നെ അയാൾ ആ കൈകളിൽ തല ചേർത്തു വച്ചിരുന്നു രണ്ട്‌ നിമിഷം. പിന്നീടാ അഭയവും അകന്നു പോയപ്പോൾ മെല്ലെ തണുത്ത ചുവരിനെ പുറം ചാരി ഇരുന്നു. കവിളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. അവൾ പ്രണയത്തോടെ വിരലോടിച്ചും ചികഞ്ഞും തലോടിയും ലാളിച്ചിരുന്ന അയാളുടെ ചുരുണ്ട മുടിയിഴകൾ നനഞ്ഞു കനം തൂങ്ങി നെറ്റിയിൽ വീണു കിടന്നു. ദീപ്തമായൊരു സുന്ദര സ്വപ്നത്തിൽ നിന്നു ഭ്രാന്തമായി അലറിവിളിച്ചാഞ്ഞടിക്കുന്ന ചോരക്കടലിലേക്കു വലിച്ചെറിയപ്പെടുകയായിരുന്നു അയാൾ. 5 ദിവസങ്ങൾ. 2 മരണങ്ങൾ. ജീവനായി ചേർത്ത്‌ പിടിച്ച രണ്ടു ജന്മങ്ങൾ ചാരമായി മുറ്റത്തെരിഞ്ഞടങ്ങിയപ്പോൾ, ജീവന്റെ ലക്ഷ്യം തന്നെ തെന്നി മാറി എവിടെയോ ചെന്നടിഞ്ഞു ചേർന്ന അഭിശപ്തനിമിഷങ്ങളിൽ അയാൾക്ക്‌ അഭയമായത്‌ സ്വപ്നങ്ങൾ ഉറങ്ങുന്ന അവരുടെ വീട്ടിലെ ആ തണുത്ത ചുവരായിരുന്നു. തറയിലെ തണുപ്പിനെക്കാൾ അയാളെ നോവിച്ചത്‌ തലക്ക്‌ മുകളിൽ ചുവരിൽ തൂങ്ങിക്കിടന്ന രണ്ട്‌ ചിത്രങ്ങളാണു. മാനത്ത്‌ മിന്നൽ വീണ്ടും പാഞ്ഞു.

 ചിത കൂട്ടിയ മാധവൻ മാനത്തോട്ടൊന്നു നോക്കി പിന്നെ രാമുമ്മാന്റെ അടുത്ത്‌ വന്നു നിന്നു പറഞ്ഞു, "ഇടി മാത്രെയ്യുള്ളു..  പെയ്യില്ലായിരിക്കും.."

"ന്നാലും ഒരു കാറ്റു വീശിയിരുന്നെങ്കി...".

"വല്ലാത്ത ഒരു അവസ്ഥ തന്നെ ല്ലേ, മരുമോന്റെ? കുഞ്ഞിനെ കത്തിച്ചേടത്ത്‌ തന്നെ അമ്മേനേം കത്തിക്കണത്‌ കാണാന്നു വെച്ചാ.. ഇനി അവനു ആരാ ഉള്ളേ..?" രാമുമ്മാൻ മിണ്ടാതെ നിന്നേയുള്ളു. രണ്ട്‌ മാസം മുന്നെ അവളുടെ അസുഖവിവരം പറഞ്ഞ്‌ അവന്റെ ഫോൺ വന്നത്‌ അയാളോർത്തു. ഡിപ്രഷൻ ആണത്രെ. എന്ത്‌ കൊണ്ട്‌ എന്നു ചോദിക്കാൻ ധൈര്യം വന്നില്ല അന്ന്. അത്ര കണ്ട്‌ നല്ല ജീവിതമായിരുന്നു അവരുടേത്‌. കുഞ്ഞു പിറന്നിട്ടു കൊല്ലം ഒന്നായിട്ടില്ല. നല്ല ഓമനത്തമുള്ള ഒരാൺകുഞ്ഞ്‌. ഈയിടെയായി സംസാരത്തിലും പെരുമാറ്റത്തിലും അവൾക്കെന്തോ പന്തികേട്‌ തോന്നിയിട്ടാണു അവൻ ആരോടും പറയാതെ അവളെ ഡോക്റ്ററെ കാണിച്ചത്‌. പരിശോധനാഫലം വന്നിട്ടാണു തന്നെ പോലും അവൻ അറിയിച്ചത്‌. അന്നൊന്നു കൂടെ പോയി നിന്നിരുന്നെങ്കിൽ, ഭാര്യ ശാരദയെ അവളെ നോക്കാൻ നിർത്തിയിരുന്നെങ്കിൽ, ഇന്നീ ഗതി ഉണ്ടാവില്ലായിരുന്നു.
അല്ല. കുറ്റം തന്റേതല്ല. ആരുടെയും സഹായം വേണ്ട എന്നു പറഞ്ഞത്‌ അവൻ തന്നെയായിരുന്നു. അവനും അവളും കുഞ്ഞും മാത്രമുള്ള കൊച്ചു വീടായിരുന്നു അവരുടെ ലോകം. അവിടെ പുറത്ത്‌ നിന്നൊരാൾക്കു പ്രവേശനമില്ല. അവരുടെ കുറ്റങ്ങളും കുഴപ്പങ്ങളും അവരുടെ മാത്രമാണു. അവൻ പറയുമായിരുന്നു, "ഇടവപ്പാതിയിലെ ഇടിമിന്നൽ അവൾക്ക്‌ പേടിയാ, ഇടി മിന്നി മുഴങ്ങുന്ന, മഴ ആർത്തു പെയ്യുന്ന രാത്രിയിൽ എന്നെയും കുഞ്ഞിനെയും ചേർത്ത്‌ മുറുക്കെ കെട്ടിപ്പിടിച്ച്‌ കിടന്നാൽ തീരാവുന്നതേയുള്ളു അവളുടെ അസുഖം" ന്നു..

 മഴ ചാറാൻ തുടങ്ങി.

ചുവരിലെ തണുപ്പും മനസ്സിന്റെ മരവിപ്പും നോവിച്ച്‌ മതിയാക്കിയിട്ടെന്നോണം ശരീരത്തെ തരിപ്പിച്ചപ്പോൾ അയാൾ എണീറ്റു. മുറികളിലെ പെണ്ണുങ്ങളുടെ സംസാരം ഉച്ചത്തിലായി. വിഷയങ്ങൾ മാറി മാറി വരുന്നു. എത്ര പെട്ടെന്നാണു ആളുകൾ ഓരോന്നു മറക്കുന്നത്‌! ഒരാഴ്ച്ച മുന്നു വരെ അവരുടെ കൂടെ നടന്നും ഇരുന്നും സംസാരിച്ചും ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ ചിതയാണാ കത്തുന്നത്‌. അവർ കൊഞ്ചിച്ചും ലാളിച്ചും എടുത്ത്‌ കൊണ്ട്‌ നടന്ന ഒരു കുഞ്ഞിന്റെ ചാരത്തിനു മീതെ. എന്നിട്ടും കണ്ണീരുണങ്ങിയപ്പോൾ എന്തു പെട്ടെന്നാണവർ സംസാരം സാരികളിലേക്കും, യാത്രകളിലേക്കും, മക്കളുടെ വിവാഹങ്ങളിലേക്കുമൊക്കെ മാറ്റിയത്‌! അയാൾ തെല്ലു വെറുപ്പോടെ മുഖം തിരിച്ച്‌ മേശക്കരികെ വന്നിരുന്നു. ഒരു കൊച്ചു പാവ അയാളെ നോക്കി ചിരിച്ചു. പാവക്കു താഴെ ഉടമയില്ലാതെ, അണിയാൻ ആരുമില്ലാതെ ഒരു ജോഡി കുഞ്ഞു ചെരുപ്പുകൾ. വിവാഹ വാർഷികത്തിനു അവൾക്ക്‌ കൊടുക്കാൻ വാങ്ങി വെച്ച സാരി. ചിതയണഞ്ഞ ഓർമ്മകളുടെ ഇനിയുമണയാത്ത കനൽ പോലെ കാഴ്ചകൾ മനസ്സിനെ പൊള്ളിക്കുന്നു. അതിനടുത്തായി  അവൾ കുഞ്ഞിനെ കൊന്നതായി വാർത്ത വന്ന പത്രം മടക്കി വച്ചിരിക്കുന്നു. ആരാണിത്‌ ഇവിടെ വച്ചത്‌? ഒരു കൊലപാതകിയായി അവളെ വരച്ച്‌ വെച്ച കീറ പേപ്പർ വീണ്ടും കണ്മുന്നിൽ കൊണ്ടിട്ടതാരാണു!! അവർക്കു അറിയില്ല അവളെ!! നരച്ച പുല്ലു മേഞ്ഞ പാർക്കിന്റെ കൽപാതകളിലൂടെ നടക്കുമ്പോൾ ചുറ്റും ആരെയും കാണാനില്ലെങ്കിൽ അവൾ തന്റെ കൈ മുറുക്കെ ചേർത്ത്‌ പിടിച്ച്‌ കവിളിൽ നൽകിയിരുന്ന ഉമ്മകൾ. പിന്നെ ഒന്നൂടെ ചുറ്റും നോക്കി ആരും കണ്ടില്ലെന്നുറപ്പു വരുത്തി ചുണ്ടിൽ വിരിയിക്കുന്ന നനുത്ത നാണം ചേർത്ത ചിരി. കൂട്ടുകാരികളുടെ കൂടെ അവൾ ലൈബ്രറിയിലേക്ക്‌ നടക്കുമ്പോൾ വിടാതെ പിന്തുടർന്ന തന്റെ കണ്ണുകൾ. പിന്നെ വിവാഹം കഴിഞ്ഞു വന്ന നാളുകളിൽ ഒരു കുഞ്ഞിനെയെന്ന പോൽ തന്നെ കൊഞ്ചിച്ചും ശാസിച്ചും സ്നേഹിച്ച പകലുകൾ. ഒരു നെടുവീർപ്പിന്റെ കാറ്റിൽ കഴുത്തിൽ കുളിർത്ത വിയർപ്പുതുള്ളികളുടെ രാത്രികൾ. കുഞ്ഞു പിറന്നശേഷം അവളൊരു തികഞ്ഞ പക്വമതിയായ സ്ത്രീയായി മാറുന്നതും താൻ മാത്രമേ അറിഞ്ഞിരുന്നുള്ളു. അവളുടെ ചിരിയും തമാശയും നാണവും എല്ലാം തനിക്ക്‌ വേണ്ടി മാത്രമായിരുന്നു. അവൾ സാധുവായിരുന്നു. പ്രണയത്തിന്റെ പരിശുദ്ധി തൊടുകുറിയായി അണിഞ്ഞിരുന്നവളെ.. ആർക്കും അറിയില്ല...
അയാൾ എണീറ്റു നടന്നു. പുറത്ത്‌ മഴ തിമിർത്തു. വാതിൽപ്പടിയിൽ ചെന്നു മഴ കണ്ടിരിക്കവേ രാമുമ്മാൻ വന്നു അടുത്തിരുന്നു, ഉള്ളംകൈ ചേർത്ത്‌ പിടിച്ചു.

ശരിയാണു.
അന്നു രാമുമ്മാനെയും അമ്മായിയേയും ഒന്നു കൂടെ നിന്നു അവളെ നോക്കാൻ ആശ്രയിച്ചിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു. ഭ്രാന്തമായ മനസ്സ്‌ ജീവിതത്തെ നശിപ്പികില്ലായിരുന്നു. ഉന്മാദത്തിന്റെ മൂർദ്ധന്യത്തിൽ ജീവനെക്കാളേറേ സ്നേഹിച്ച കുഞ്ഞു അമ്മയുടെ കരങ്ങളിൽ കണ്ണീരോടെ പിടഞ്ഞു വീഴില്ലായിരുന്നു. രണ്ട്‌ ചിതകൾ എരിയില്ലായിരുന്നു. കുഞ്ഞുനാളിൽ അമ്മയുടെ വിയോഗം ഏൽപ്പിച്ച ആഘാതം വിഷാദമായി മാറുന്നത്‌ തടയാൻ തനിക്കും കഴിഞ്ഞില്ല. ആ വിത്ത്‌ അങ്ങനെ അവളുടെ ഉള്ളിൽ ഗൂഢമായി വളർന്നു വരുന്നത്‌ പോലും വൈകിയാണറിഞ്ഞത്‌...
തങ്ങൾക്ക്‌ തങ്ങൾ തന്നെ മതി എന്ന ആത്മവിശ്വാസമോ അതോ അഹങ്കാരമോ ഇവിടെ ഈ അവസ്ഥയിൽ തന്നെ കൊണ്ടെത്തിച്ചത്‌? അറിയില്ല.. മനുഷ്യൻ ഒറ്റപ്പെട്ട ഒരു ദ്വീപല്ല എന്നു പണ്ട്‌ ആരോ പറഞ്ഞു കേട്ടത്‌ ഓർമ്മ വരുന്നു..

"മരിക്കണേലും മുന്നേ മോളു പറഞ്ഞത്‌ നീ അവളെ ഒരിക്കലും വെറുക്കരുതെന്നാ... മോനേ.. അവൾക്ക്‌ നിന്നെ അത്രേം ഇഷ്ടാർന്നു...", രാമുമ്മാൻ പറഞ്ഞു.

അലറിപ്പെയ്ത മഴയിൽ കണ്ണു നട്ട്‌ അയാൾ മിണ്ടാതെ ഇരുന്നു, പിന്നെ രാമുമ്മാന്റെ ചുമലിലേക്കു തല വെച്ചു.
ചുവരിലെ ചിത്രങ്ങളിൽ ആരോ രണ്ട്‌ പൂമാലകൾ കോർത്തിട്ടു. അവൾക്കിഷ്ടപ്പെട്ട  വെളുത്ത പൂക്കൾ.
പുറത്ത്‌ മഴ നിറഞ്ഞ്‌ പെയ്തു. തിണ്ടിനും മേലേ മഴവെള്ളം കവിഞ്ഞു ചിതയിലേക്കൊഴുകി.
ആർത്തുപെയ്ത മഴയിൽ കലങ്ങി ഒഴുകി കെട്ടത്‌ ചിതയിലെ തീ മാത്രമായിരുന്നു, മനസ്സിലെ ഓർമ്മകൾ അങ്ങനെ തന്നെ കിടന്നിരുന്നു, അണയാതെ നീറി പുകഞ്ഞ്‌...