"കാറ്റൊന്നാഞ്ഞു വീശിയാൽ എളുപ്പം കത്തിത്തീർന്നേനേ..", നരച്ച മുടിയിഴകൾ നെറ്റിയിൽ നിന്നു വേർപ്പോടെ വടിച്ചെടുത്ത് മുകളിലേക്കു വകഞ്ഞൊതുക്കി രാമുമ്മാൻ കത്തുന്ന ചിതയിലേക്ക് നോക്കി നിന്നു കൊണ്ട് പറഞ്ഞു. ചിതക്കും ചിതക്കും മേലേ കെട്ടിയ തകര ഷീറ്റിനും മേലേ മാനം കറുത്തിരുണ്ട് നിന്നു. വീടിനുള്ളിൽ നിന്നുള്ള തേങ്ങലുകൾ ഒന്നൊടുങ്ങി. മുറ്റത്ത് കെട്ടിയ ചെറിയ നീല ടാർപ്പോളിൻ പന്തലിനു താഴെ ആളുകൾ വട്ടം കൂടി നിന്നു. ചിലർ ചിതയിലേക്കും ചുവരിലെ രണ്ട് ചിത്രങ്ങളിലേക്കും ഒന്നു കൂടെ നോക്കി മെല്ലെ പന്തൽ വിട്ടു മുന്നിലെ മൺ വഴിയിലേക്കിറങ്ങി നടന്നു. അടുക്കളയിൽ അയലത്തെ വേലക്കാരി വന്നു അടിച്ച് വാരി കഴുകി തുടച്ച്, മുഷിഞ്ഞ തുണികൾ വാരിക്കൂട്ടി ഒരു കൊച്ചു ഭാണ്ഡം കെട്ടി ഒതുക്കി മാറ്റി വച്ചു. മുറികളിൽ കൂട്ടം കൂടി, കലങ്ങിയ കണ്ണുകൾ തുടച്ച് പെണ്ണുങ്ങൾ ജനാലക്കുള്ളിലൂടെ മാനം നോക്കി ഇരുന്നു. മഴക്കാറിനുള്ള്‌ിലൂടെ മിന്നൽ പാഞ്ഞു. ചിത കെടുന്ന വരെ മഴ പെയ്യല്ലേ എന്നു എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു. പ്രാർത്ഥനകളും, കുശുകുശുപ്പുകളും, അടക്കിപ്പറഞ്ഞ പരദൂഷണങ്ങളും രഹസ്യങ്ങളും ഇരുളിലാണ്ട ആ വീടിനെ നേർത്ത തോതിലെങ്കിലും ശബ്ദമയമാക്കി. വിസിറ്റിംഗ് റൂമിൽ നിന്നു അപ്പോഴും ചന്ദനത്തിരിയുടെ പുകയും മണവും ഉയർന്നിരുന്നു. എല്ലാറ്റിനും നടുക്ക്, ആരോടും മിണ്ടാതെ അയാൾ ഇരുന്നു.
ഇടക്കാരോ വന്നു ചുമലിൽ കൈ ചേർത്ത് ചോദിച്ചിരുന്നു, "ഇങ്ങനെ ഇരിക്കാതെ കുളിച്ച് വന്നു എന്തെങ്കിലും കഴിക്കു.." ചുമലിലെ കൈ തട്ടി മാറ്റാനാണു ആദ്യം തോന്നിയതെങ്കിലും, ആ സ്പർശ്ശം തന്ന സമാധാനവും സുരക്ഷിതത്ത്വവും, താൽകാലികമായെങ്കിലും അയാൾക്ക് ഏകാന്തതയിൽ നിന്നു മോചനം നേടിക്കൊടിത്തു. ആരുടെയെന്നു നോക്കാതെ തന്നെ അയാൾ ആ കൈകളിൽ തല ചേർത്തു വച്ചിരുന്നു രണ്ട് നിമിഷം. പിന്നീടാ അഭയവും അകന്നു പോയപ്പോൾ മെല്ലെ തണുത്ത ചുവരിനെ പുറം ചാരി ഇരുന്നു. കവിളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. അവൾ പ്രണയത്തോടെ വിരലോടിച്ചും ചികഞ്ഞും തലോടിയും ലാളിച്ചിരുന്ന അയാളുടെ ചുരുണ്ട മുടിയിഴകൾ നനഞ്ഞു കനം തൂങ്ങി നെറ്റിയിൽ വീണു കിടന്നു. ദീപ്തമായൊരു സുന്ദര സ്വപ്നത്തിൽ നിന്നു ഭ്രാന്തമായി അലറിവിളിച്ചാഞ്ഞടിക്കുന്ന ചോരക്കടലിലേക്കു വലിച്ചെറിയപ്പെടുകയായിരുന്നു അയാൾ. 5 ദിവസങ്ങൾ. 2 മരണങ്ങൾ. ജീവനായി ചേർത്ത് പിടിച്ച രണ്ടു ജന്മങ്ങൾ ചാരമായി മുറ്റത്തെരിഞ്ഞടങ്ങിയപ്പോൾ, ജീവന്റെ ലക്ഷ്യം തന്നെ തെന്നി മാറി എവിടെയോ ചെന്നടിഞ്ഞു ചേർന്ന അഭിശപ്തനിമിഷങ്ങളിൽ അയാൾക്ക് അഭയമായത് സ്വപ്നങ്ങൾ ഉറങ്ങുന്ന അവരുടെ വീട്ടിലെ ആ തണുത്ത ചുവരായിരുന്നു. തറയിലെ തണുപ്പിനെക്കാൾ അയാളെ നോവിച്ചത് തലക്ക് മുകളിൽ ചുവരിൽ തൂങ്ങിക്കിടന്ന രണ്ട് ചിത്രങ്ങളാണു. മാനത്ത് മിന്നൽ വീണ്ടും പാഞ്ഞു.
ചിത കൂട്ടിയ മാധവൻ മാനത്തോട്ടൊന്നു നോക്കി പിന്നെ രാമുമ്മാന്റെ അടുത്ത് വന്നു നിന്നു പറഞ്ഞു, "ഇടി മാത്രെയ്യുള്ളു.. പെയ്യില്ലായിരിക്കും.."
"ന്നാലും ഒരു കാറ്റു വീശിയിരുന്നെങ്കി...".
"വല്ലാത്ത ഒരു അവസ്ഥ തന്നെ ല്ലേ, മരുമോന്റെ? കുഞ്ഞിനെ കത്തിച്ചേടത്ത് തന്നെ അമ്മേനേം കത്തിക്കണത് കാണാന്നു വെച്ചാ.. ഇനി അവനു ആരാ ഉള്ളേ..?" രാമുമ്മാൻ മിണ്ടാതെ നിന്നേയുള്ളു. രണ്ട് മാസം മുന്നെ അവളുടെ അസുഖവിവരം പറഞ്ഞ് അവന്റെ ഫോൺ വന്നത് അയാളോർത്തു. ഡിപ്രഷൻ ആണത്രെ. എന്ത് കൊണ്ട് എന്നു ചോദിക്കാൻ ധൈര്യം വന്നില്ല അന്ന്. അത്ര കണ്ട് നല്ല ജീവിതമായിരുന്നു അവരുടേത്. കുഞ്ഞു പിറന്നിട്ടു കൊല്ലം ഒന്നായിട്ടില്ല. നല്ല ഓമനത്തമുള്ള ഒരാൺകുഞ്ഞ്. ഈയിടെയായി സംസാരത്തിലും പെരുമാറ്റത്തിലും അവൾക്കെന്തോ പന്തികേട് തോന്നിയിട്ടാണു അവൻ ആരോടും പറയാതെ അവളെ ഡോക്റ്ററെ കാണിച്ചത്. പരിശോധനാഫലം വന്നിട്ടാണു തന്നെ പോലും അവൻ അറിയിച്ചത്. അന്നൊന്നു കൂടെ പോയി നിന്നിരുന്നെങ്കിൽ, ഭാര്യ ശാരദയെ അവളെ നോക്കാൻ നിർത്തിയിരുന്നെങ്കിൽ, ഇന്നീ ഗതി ഉണ്ടാവില്ലായിരുന്നു.
അല്ല. കുറ്റം തന്റേതല്ല. ആരുടെയും സഹായം വേണ്ട എന്നു പറഞ്ഞത് അവൻ തന്നെയായിരുന്നു. അവനും അവളും കുഞ്ഞും മാത്രമുള്ള കൊച്ചു വീടായിരുന്നു അവരുടെ ലോകം. അവിടെ പുറത്ത് നിന്നൊരാൾക്കു പ്രവേശനമില്ല. അവരുടെ കുറ്റങ്ങളും കുഴപ്പങ്ങളും അവരുടെ മാത്രമാണു. അവൻ പറയുമായിരുന്നു, "ഇടവപ്പാതിയിലെ ഇടിമിന്നൽ അവൾക്ക് പേടിയാ, ഇടി മിന്നി മുഴങ്ങുന്ന, മഴ ആർത്തു പെയ്യുന്ന രാത്രിയിൽ എന്നെയും കുഞ്ഞിനെയും ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ച് കിടന്നാൽ തീരാവുന്നതേയുള്ളു അവളുടെ അസുഖം" ന്നു..
മഴ ചാറാൻ തുടങ്ങി.
ചുവരിലെ തണുപ്പും മനസ്സിന്റെ മരവിപ്പും നോവിച്ച് മതിയാക്കിയിട്ടെന്നോണം ശരീരത്തെ തരിപ്പിച്ചപ്പോൾ അയാൾ എണീറ്റു. മുറികളിലെ പെണ്ണുങ്ങളുടെ സംസാരം ഉച്ചത്തിലായി. വിഷയങ്ങൾ മാറി മാറി വരുന്നു. എത്ര പെട്ടെന്നാണു ആളുകൾ ഓരോന്നു മറക്കുന്നത്! ഒരാഴ്ച്ച മുന്നു വരെ അവരുടെ കൂടെ നടന്നും ഇരുന്നും സംസാരിച്ചും ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ ചിതയാണാ കത്തുന്നത്. അവർ കൊഞ്ചിച്ചും ലാളിച്ചും എടുത്ത് കൊണ്ട് നടന്ന ഒരു കുഞ്ഞിന്റെ ചാരത്തിനു മീതെ. എന്നിട്ടും കണ്ണീരുണങ്ങിയപ്പോൾ എന്തു പെട്ടെന്നാണവർ സംസാരം സാരികളിലേക്കും, യാത്രകളിലേക്കും, മക്കളുടെ വിവാഹങ്ങളിലേക്കുമൊക്കെ മാറ്റിയത്! അയാൾ തെല്ലു വെറുപ്പോടെ മുഖം തിരിച്ച് മേശക്കരികെ വന്നിരുന്നു. ഒരു കൊച്ചു പാവ അയാളെ നോക്കി ചിരിച്ചു. പാവക്കു താഴെ ഉടമയില്ലാതെ, അണിയാൻ ആരുമില്ലാതെ ഒരു ജോഡി കുഞ്ഞു ചെരുപ്പുകൾ. വിവാഹ വാർഷികത്തിനു അവൾക്ക് കൊടുക്കാൻ വാങ്ങി വെച്ച സാരി. ചിതയണഞ്ഞ ഓർമ്മകളുടെ ഇനിയുമണയാത്ത കനൽ പോലെ കാഴ്ചകൾ മനസ്സിനെ പൊള്ളിക്കുന്നു. അതിനടുത്തായി അവൾ കുഞ്ഞിനെ കൊന്നതായി വാർത്ത വന്ന പത്രം മടക്കി വച്ചിരിക്കുന്നു. ആരാണിത് ഇവിടെ വച്ചത്? ഒരു കൊലപാതകിയായി അവളെ വരച്ച് വെച്ച കീറ പേപ്പർ വീണ്ടും കണ്മുന്നിൽ കൊണ്ടിട്ടതാരാണു!! അവർക്കു അറിയില്ല അവളെ!! നരച്ച പുല്ലു മേഞ്ഞ പാർക്കിന്റെ കൽപാതകളിലൂടെ നടക്കുമ്പോൾ ചുറ്റും ആരെയും കാണാനില്ലെങ്കിൽ അവൾ തന്റെ കൈ മുറുക്കെ ചേർത്ത് പിടിച്ച് കവിളിൽ നൽകിയിരുന്ന ഉമ്മകൾ. പിന്നെ ഒന്നൂടെ ചുറ്റും നോക്കി ആരും കണ്ടില്ലെന്നുറപ്പു വരുത്തി ചുണ്ടിൽ വിരിയിക്കുന്ന നനുത്ത നാണം ചേർത്ത ചിരി. കൂട്ടുകാരികളുടെ കൂടെ അവൾ ലൈബ്രറിയിലേക്ക് നടക്കുമ്പോൾ വിടാതെ പിന്തുടർന്ന തന്റെ കണ്ണുകൾ. പിന്നെ വിവാഹം കഴിഞ്ഞു വന്ന നാളുകളിൽ ഒരു കുഞ്ഞിനെയെന്ന പോൽ തന്നെ കൊഞ്ചിച്ചും ശാസിച്ചും സ്നേഹിച്ച പകലുകൾ. ഒരു നെടുവീർപ്പിന്റെ കാറ്റിൽ കഴുത്തിൽ കുളിർത്ത വിയർപ്പുതുള്ളികളുടെ രാത്രികൾ. കുഞ്ഞു പിറന്നശേഷം അവളൊരു തികഞ്ഞ പക്വമതിയായ സ്ത്രീയായി മാറുന്നതും താൻ മാത്രമേ അറിഞ്ഞിരുന്നുള്ളു. അവളുടെ ചിരിയും തമാശയും നാണവും എല്ലാം തനിക്ക് വേണ്ടി മാത്രമായിരുന്നു. അവൾ സാധുവായിരുന്നു. പ്രണയത്തിന്റെ പരിശുദ്ധി തൊടുകുറിയായി അണിഞ്ഞിരുന്നവളെ.. ആർക്കും അറിയില്ല...
അയാൾ എണീറ്റു നടന്നു. പുറത്ത് മഴ തിമിർത്തു. വാതിൽപ്പടിയിൽ ചെന്നു മഴ കണ്ടിരിക്കവേ രാമുമ്മാൻ വന്നു അടുത്തിരുന്നു, ഉള്ളംകൈ ചേർത്ത് പിടിച്ചു.
ശരിയാണു.
അന്നു രാമുമ്മാനെയും അമ്മായിയേയും ഒന്നു കൂടെ നിന്നു അവളെ നോക്കാൻ ആശ്രയിച്ചിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു. ഭ്രാന്തമായ മനസ്സ് ജീവിതത്തെ നശിപ്പികില്ലായിരുന്നു. ഉന്മാദത്തിന്റെ മൂർദ്ധന്യത്തിൽ ജീവനെക്കാളേറേ സ്നേഹിച്ച കുഞ്ഞു അമ്മയുടെ കരങ്ങളിൽ കണ്ണീരോടെ പിടഞ്ഞു വീഴില്ലായിരുന്നു. രണ്ട് ചിതകൾ എരിയില്ലായിരുന്നു. കുഞ്ഞുനാളിൽ അമ്മയുടെ വിയോഗം ഏൽപ്പിച്ച ആഘാതം വിഷാദമായി മാറുന്നത് തടയാൻ തനിക്കും കഴിഞ്ഞില്ല. ആ വിത്ത് അങ്ങനെ അവളുടെ ഉള്ളിൽ ഗൂഢമായി വളർന്നു വരുന്നത് പോലും വൈകിയാണറിഞ്ഞത്...
തങ്ങൾക്ക് തങ്ങൾ തന്നെ മതി എന്ന ആത്മവിശ്വാസമോ അതോ അഹങ്കാരമോ ഇവിടെ ഈ അവസ്ഥയിൽ തന്നെ കൊണ്ടെത്തിച്ചത്? അറിയില്ല.. മനുഷ്യൻ ഒറ്റപ്പെട്ട ഒരു ദ്വീപല്ല എന്നു പണ്ട് ആരോ പറഞ്ഞു കേട്ടത് ഓർമ്മ വരുന്നു..
"മരിക്കണേലും മുന്നേ മോളു പറഞ്ഞത് നീ അവളെ ഒരിക്കലും വെറുക്കരുതെന്നാ... മോനേ.. അവൾക്ക് നിന്നെ അത്രേം ഇഷ്ടാർന്നു...", രാമുമ്മാൻ പറഞ്ഞു.
അലറിപ്പെയ്ത മഴയിൽ കണ്ണു നട്ട് അയാൾ മിണ്ടാതെ ഇരുന്നു, പിന്നെ രാമുമ്മാന്റെ ചുമലിലേക്കു തല വെച്ചു.
ചുവരിലെ ചിത്രങ്ങളിൽ ആരോ രണ്ട് പൂമാലകൾ കോർത്തിട്ടു. അവൾക്കിഷ്ടപ്പെട്ട വെളുത്ത പൂക്കൾ.
പുറത്ത് മഴ നിറഞ്ഞ് പെയ്തു. തിണ്ടിനും മേലേ മഴവെള്ളം കവിഞ്ഞു ചിതയിലേക്കൊഴുകി.
ആർത്തുപെയ്ത മഴയിൽ കലങ്ങി ഒഴുകി കെട്ടത് ചിതയിലെ തീ മാത്രമായിരുന്നു, മനസ്സിലെ ഓർമ്മകൾ അങ്ങനെ തന്നെ കിടന്നിരുന്നു, അണയാതെ നീറി പുകഞ്ഞ്...
No comments:
Post a Comment